Shahi Idgah Mosque
ശാഹി ഈദ്ഗാഹ് മസ്ജിദും ജില്ലാ കോടതി വിധിയും
ഗ്യാന്‍വാപി മസ്ജിദ് പ്രശ്‌നത്തില്‍ നേരത്തേ വാരാണസി കോടതി എടുത്ത നിലപാടും മഥുര ശാഹി ഈദ്ഗാഹ് മസ്ജിദ് പ്രശ്‌നത്തില്‍ മഥുര ജില്ലാ കോടതിയില്‍ നിന്നുണ്ടായ സമീപനവും സംഘ്പരിവാര്‍ ശക്തികള്‍ക്ക് ആത്മവിശ്വാസം പകരാനിടയാക്കുകയും കൂടുതല്‍ മസ്ജിദുകളെക്കുറിച്ച് അവകാശവാദം ഉന്നയിക്കാന്‍ അവര്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്യും.
അയോധ്യയിലെ രാമക്ഷേത്രത്തിനു പിന്നാലെ അടുത്ത ലക്ഷ്യം കാശിയും മഥുരയുമാണെന്ന് ഹിന്ദുത്വര്‍ പല തവണ വ്യക്തമാക്കിയതാണ്. ഇത് തുടക്കം മാത്രം, കാശിയും മഥുരയും വരാനുണ്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തുകയും ചെയ്തിരുന്നു സംഘ്പരിവാര്‍ വൃത്തങ്ങള്‍. അവരുടെ ഫാസിസ വര്‍ഗീയ ലക്ഷ്യപൂര്‍ത്തീകരണത്തിന് ജുഡീഷ്യറിയും കൂട്ടുനില്‍ക്കുകയാണോ? ശാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേ നടത്താന്‍ പുരാവസ്തു വകുപ്പിന് അനുമതി നല്‍കിയ മഥുര ജില്ലാ കോടതിയുടെ ഉത്തരവാണ് സന്ദേഹത്തിനു കാരണം.
ശ്രീകൃഷ്ണ ജന്മഭൂമിയിലാണ് ശാഹി ഈദ്ഗാഹ് പണിതതെന്ന വാദവുമായി ഹിന്ദുസേന ദേശീയാധ്യക്ഷന്‍ വിഷ്ണുഗുപ്ത ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിച്ച് ജസ്റ്റിസ് സോനിക വര്‍മയാണ് സര്‍വേക്ക് ഉത്തരവ് പുറപ്പെടുവിച്ചത്. ജനുവരി രണ്ടിന് സര്‍വേ ആരംഭിച്ച് 20നകം റിപോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കാശി വിശ്വനാഥ ക്ഷേത്രത്തിനോടു ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ അഭിഭാഷക സംഘം നടത്തിയ സര്‍വേയുടെ മാതൃകയിലുള്ള പരിശോധനയായിരിക്കും ശാഹി ഈദ്ഗാഹിലും നടത്തുന്നത്. 1669-70 കാലത്ത് ശ്രീകൃഷ്ണ ജന്മഭൂമിയിലെ കത്ര കേശവ്‌ദേവ് ക്ഷേത്രം തകര്‍ത്താണ് മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് ശാഹി ഈദ്ഗാഹ് പണിതതെന്നും മസ്ജിദ് സമുച്ചയം അവിടെനിന്ന് മാറ്റി തങ്ങള്‍ക്ക് ആരാധനക്ക് അവസരം നല്‍കണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം.
ശാഹി മസ്ജിദ് പൊളിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ അഭിഭാഷകനായ വിഷ്ണു ജയിന്‍ സമര്‍പ്പിച്ച ഹരജി മഥുര പ്രാദേശിക കോടതി തള്ളിയതാണ്. 1991ലെ ആരാധനാലയ നിയമം ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക കോടതി ഹരജി നിരാകരിച്ചത്. ബാബരി മസ്ജിദില്‍ സംഘ്പരിവാര്‍ അന്യായമായി അവകാശവാദം ഉന്നയിച്ചതിനു പിന്നാലെ, മഥുരയിലെയും വാരാണസിയിലെയും മറ്റും ആരാധനാലയങ്ങളുടെ പേരിലും അവകാശവാദമുന്നയിച്ച് ചിലര്‍ രംഗത്തുവന്ന പശ്ചാത്തലത്തില്‍ മുസ്‌ലിം ഇന്ത്യയുടെ ആശങ്ക അകറ്റുന്നതിന് 1991ല്‍ പാര്‍ലിമെന്റ് പാസ്സാക്കിയതാണ് “ദ പ്ലെയ്സസ് ഓഫ് വര്‍ഷിപ്പ് (സ്പെഷ്യല്‍ പ്രൊവിഷന്‍സ്) ആക്റ്റ് 1991′ എന്ന പേരില്‍ അറിയപ്പെടുന്ന ഈ നിയമം. രാജ്യം സ്വാതന്ത്ര്യം നേടിയ 1947 ആഗസ്റ്റ് 15ന് ആരുടെയെല്ലാം ഏതെല്ലാം ആരാധനാലയങ്ങള്‍ രാജ്യത്തുണ്ടോ അതിന്റെയെല്ലാം മതപരമായ സ്വഭാവം നിലനിര്‍ത്തുന്നതും അവയുടെ മതപരിവര്‍ത്തനവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും നിരോധിക്കുന്നതുമാണ് ഈ നിയമം. അങ്ങനെ ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമായിരിക്കുമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. മികച്ച നിയമമെന്നാണ് ആരാധനാലയ നിയമത്തെ നേരത്തേ സുപ്രീം കോടതി വിശേഷിപ്പിച്ചത്. ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളിലൊന്നായ രാഷ്ട്രത്തിന്റെ മതേതര സവിശേഷതകളെ ഇത് സംരക്ഷിക്കുമെന്നും മതവിശ്വാസികള്‍ക്ക് തങ്ങളുടെ ആരാധനാലയങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും അതിന്റെ രീതികളില്‍ മാറ്റം വരികയില്ലെന്നും നിയമം ആത്മവിശ്വാസം പകരുമെന്നും സുപ്രീംകോടതി പറയുകയുണ്ടായി.
നേരത്തേ മഥുര പ്രാദേശിക കോടതി ചെയ്തതു പോലെ ആരാധനാലയ നിയമം 1991ന്റെ അടിസ്ഥാനത്തില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ ഹരജി തള്ളുകയായിരുന്നു മഥുര ജില്ലാ കോടതി ചെയ്യേണ്ടിയിരുന്നത്. പകരം ഹരജി കോടതി പരിഗണിച്ച് സര്‍വേക്ക് ഉത്തരവിട്ടതോടെ ഗ്യാന്‍വാപി മസ്ജിദിന്റെ അനുഭവം തന്നെയായിരിക്കുമോ ശാഹി മസ്ജിദിനും വരാനിരിക്കുന്നതെന്ന ആശങ്ക മുസ്‌ലിം സമൂഹത്തെ പിടികൂടിയിരിക്കുകയാണ്. ഗ്യാന്‍വാപി മസ്ജിദ് പരിസരത്ത് നടത്തിയ വീഡിയോഗ്രാഫ് സര്‍വേയില്‍ പള്ളിയിലെ അംഗശുദ്ധി വരുത്താന്‍ ഉപയോഗിക്കുന്ന കുളത്തില്‍ നിന്ന് കണ്ടെടുത്ത കല്ലിന് ശിവലിംഗത്തോട് സാമ്യമുണ്ടെന്നും ഇത് ശിവലിംഗമാണെന്നുമാണ് സര്‍വേ നടത്തിയ അഭിഭാഷക കമ്മീഷന്‍ അവകാശപ്പെട്ടത്. തദടിസ്ഥാനത്തില്‍ അത് കണ്ടെത്തിയ പള്ളിയുടെ ഭാഗം സീല്‍ ചെയ്ത് ആരാധനക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ഹിന്ദുത്വ വിഭാഗം ഹരജി സമര്‍പ്പിക്കുകയും വാരാണസി കോടതി അതപ്പടി അംഗീകരിക്കുകയും ചെയ്തു. ആരാധനാലയങ്ങളുടെ തനത് സ്വഭാവം സംരക്ഷിക്കണമെന്ന നിയമം അവിടെ പാലിക്കപ്പെട്ടില്ല.
അതേസമയം കുളത്തില്‍ നിന്ന് കണ്ടെടുത്ത വസ്തു ജലധാരാ യന്ത്രമാണെന്നാണ് ഗ്യാന്‍വാപി മസ്ജിദ് പരിപാലന കമ്മിറ്റി അധികൃതര്‍ പറയുന്നത്. നിലവിലുള്ള വീഡിയോ സര്‍വേയുടെ ലഭ്യമായ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ അത് ജലധാരയാകാനാണ് സാധ്യതയെന്ന് ശില്‍പ്പ ശാസ്ത്ര വിദഗ്ധരും പറയുന്നു. ഈ സാഹചര്യത്തില്‍ കുളത്തില്‍ നിന്ന് ലഭിച്ച വസ്തു കൂടുതല്‍ പഠനവിധേയമാക്കി അതിന്റെ യാഥാര്‍ഥ്യം കണ്ടെത്തുകയായിരുന്നു കോടതി ചെയ്യേണ്ടിയിരുന്നത്. രാജ്യത്തെ ഹൈന്ദവവത്കരിക്കാനും മതേതര ഇന്ത്യയെ ഏക മതാധിഷ്ഠിത രാജ്യമാക്കി തീര്‍ക്കാനുമുള്ള ആസൂത്രിത പ്രവര്‍ത്തനങ്ങളാണ് സംഘ്പരിവാര്‍ ശക്തികള്‍ നടത്തി വരുന്നത്. നിലവിലെ കേന്ദ്ര ഭരണകൂടം ഈ ആശയത്തെ അംഗീകരിക്കുന്ന കക്ഷിയുടെ നിയന്ത്രണത്തിലുമാണ്. സര്‍ക്കാറിന്റെയും സംഘ്പരിവാറിന്റെയും വഴിവിട്ട നീക്കങ്ങളെ തടയാനും രാജ്യത്തിന്റെ മതേതര സ്വഭാവം കാത്തുസൂക്ഷിക്കാനും ബാധ്യതപ്പെട്ട കോടതികള്‍ ഫാസിസ നീക്കങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിക്കുകയും ചെയ്താല്‍ ന്യൂനപക്ഷ മതക്കാര്‍ക്ക് പിന്നെയെവിടെയാണ് അഭയം?
ഗ്യാന്‍വാപി മസ്ജിദ് പ്രശ്‌നത്തില്‍ നേരത്തേ വാരാണസി കോടതി എടുത്ത നിലപാടും മഥുര ശാഹി ഈദ്ഗാഹ് മസ്ജിദ് പ്രശ്‌നത്തില്‍ മഥുര ജില്ലാ കോടതിയില്‍ നിന്നുണ്ടായ സമീപനവും തങ്ങള്‍ താത്പര്യപ്പെടുന്ന എന്തും ജുഡീഷ്യറിയിലൂടെ നേടിയെടുക്കാമെന്ന് സംഘ്പരിവാര്‍ ശക്തികള്‍ക്ക് ആത്മവിശ്വാസം പകരാനിടയാക്കുകയും കൂടുതല്‍ മസ്ജിദുകളെക്കുറിച്ച് അവകാശവാദം ഉന്നയിക്കാന്‍ അവര്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്യും. ബാബരി ഭൂമി തര്‍ക്കത്തില്‍ സുപ്രീം കോടതി സ്വീകരിച്ച സംഘ്പരിവാറിനനുകൂലമായ ഏകപക്ഷീയമായ നിലപാടിനു പിന്നാലെയാണ് ഗ്യാന്‍വാപി, ശാഹി മസ്ജിദുകളുമായി ബന്ധപ്പെട്ട നീക്കങ്ങളില്‍ സംഘ്പരിവാറിനു സജീവത കൈവന്നതെന്ന കാര്യം കാണാതെ പോകരുത്.