shajahan murder case
ഷാജഹാൻ വധം: കൊന്നത് ആർ എസ് എസ് തന്നെയെന്ന് സി പി എം
കഴിഞ്ഞ ദിവസം രാത്രി പുറപ്പെടുവിച്ച പ്രസ്താവനയിൽ ആർ എസ് എസ്- ബി ജെ പി എന്ന് പേരെടുത്ത് പറഞ്ഞിരുന്നില്ല. പകരം സാമൂഹികവിരുദ്ധ ശക്തികൾ എന്നായിരുന്നു.
തിരുവനന്തപുരം | പാലക്കാട് മരുതറോഡില്‍ സി പി ഐ എം ലോക്കല്‍ കമ്മറ്റിയംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത് ആര്‍ എസ് എസ് – ബി ജെ പി സംഘമാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ്. കഴിഞ്ഞ ദിവസം രാത്രി പുറപ്പെടുവിച്ച പ്രസ്താവനയിൽ ആർ എസ് എസ്- ബി ജെ പി എന്ന് പേരെടുത്ത് പറഞ്ഞിരുന്നില്ല. പകരം സാമൂഹികവിരുദ്ധ ശക്തികൾ എന്നായിരുന്നു. ഇതിൽ കനത്ത പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ഉച്ചയോടെ ആർ എസ് എസിനെ പേരെടുത്ത് കുറ്റപ്പെടുത്തി പുതിയ പ്രസ്താവന ഇറക്കിയത്.
കൊലപാതകത്തില്‍ ശക്തമായി പ്രതിഷേധിക്കുകയും കൊലയാളി സംഘങ്ങളെ ഒറ്റപ്പെടുത്തുകയും വേണമെന്ന് പ്രസ്താവനയിൽ പറയുന്നു. സി പി ഐ എം പ്രവര്‍ത്തകരെ അരിഞ്ഞു തള്ളുകയും തുടര്‍ന്ന് നാട്ടിലാകെ വ്യാജപ്രചാരണം നടത്തുകയും ചെയ്യുന്നത് ആര്‍ എസ് എസ് – ബി ജെ പി പതിവ് ശൈലിയാണ്. പാലക്കാട് ഞായറാഴ്ച രാത്രി നടന്ന കൊലപാതകത്തിന്റെ പേരിലും ചില മാധ്യമങ്ങളുടെ സഹായത്തോടെ തെറ്റായ പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ്.
കൊല നടത്തിയവര്‍ ആര്‍ എസ് എസ്- ബി ജെ പി സജീവ പ്രവര്‍ത്തകരാണെന്ന് ആ നാട്ടുകാര്‍ക്കെല്ലാം അറിയാം. ഇവര്‍ക്ക് കഞ്ചാവ് മാഫിയയുമായും ക്രിമിനല്‍ സംഘങ്ങളുമായും ബന്ധമുണ്ട്. കൊല നടത്തിയ സംഘത്തിലെ മുഖ്യപ്രതികളെല്ലാം ഒട്ടേറെ ക്രിമിനല്‍ കേസുകളിലും പ്രതികളാണ്. ഇവരുടെ കഞ്ചാവ് വില്‍പനയടക്കം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ ഷാജഹാന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതും തടയാന്‍ ശ്രമിച്ചതുമാണ് കൊല നടത്താനുള്ള പ്രേരണ. ഏതാനും നാളുകളായി ആര്‍ എസ് എസ് – ബി ജെ പി സംഘം ഈ പ്രദേശത്ത് നിരന്തരം പ്രശ്നങ്ങളുണ്ടാക്കുകയും അവസരം കാത്തിരിക്കുകയുമായിരുന്നു.
ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ ഷാജഹാന്റെ നേതൃത്വത്തില്‍ ബോര്‍ഡ് വച്ചപ്പോള്‍ അത് മാറ്റി അതേ സ്ഥലത്ത് തന്നെ ശ്രീകൃഷ്ണജയന്തിയുടെ ബോര്‍ഡ് വയ്ക്കാന്‍ ആര്‍ എസ് എസ് സംഘം ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഷാജഹാനെ വെട്ടി വീഴ്ത്തുകയായിരുന്നു. നിഷ്ഠൂരമായി കൊലനടത്തിയിട്ടും അതിന്റെ പേരില്‍ വ്യാജ പ്രചാരണം അഴിച്ചുവിടുന്നത് കൊടുംക്രൂരതയാണ്. കേരളത്തില്‍ മാത്രം ആറ് വര്‍ഷത്തിനിടെ 17 സി പി ഐ എം പ്രവര്‍ത്തകരെയാണ് ആര്‍ എസ് എസ് ക്രിമിനല്‍ സംഘങ്ങള്‍ കൊലപ്പെടുത്തിയത്. ഓരോ കൊലപാതകത്തിനു ശേഷവും മനുഷ്യത്വഹീനമായ പ്രചാരണം നടത്താനും രക്തസാക്ഷികളുടെ കുടുംബത്തെയടക്കം അപമാനിക്കാനും മടിയില്ലാത്തവരാണ് ഇക്കൂട്ടര്‍.
സംഘപരിവാറിന്റെ കൊടിയ വര്‍ഗീയ രാഷ്ട്രീയത്തിന് കേരളത്തില്‍ സി പി ഐ എം ആണ് മുഖ്യതടസം എന്ന് തിരിച്ചറിഞ്ഞാണ് നിരന്തരമായി പ്രവര്‍ത്തകരെ വേട്ടയാടുന്നത്. സംസ്ഥനത്ത് പുലരുന്ന സമാധാനവും സ്വൈര്യ ജീവിതവും തകര്‍ത്ത് കലാപമുണ്ടാക്കലാണ് ആര്‍ എസ് എസ് ലക്ഷ്യം. അക്രമികളെ ഒറ്റപ്പെടുത്തിയും ജനങ്ങളുടെ പിന്തുണയോടെ ജനാധിപത്യപരമായി പ്രതിഷേധിച്ചും ആര്‍ എസ് എസ് – ബി ജെ പി ഭീഷണിയെ നേരിടും. എല്ലാ വ്യാജപ്രചാരണങ്ങളും തിരിച്ചറിഞ്ഞ് ജനങ്ങള്‍ അവ തള്ളിക്കളയണമെന്നും പ്രസ്താവനയിൽ പറയുന്നു.