Kerala
ഷാറൂഖ് സെയ്ഫി ടിക്കറ്റ് എടുത്തത് ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്കെന്ന് പൊലീസ്
ഷാറൂഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ട് നാല് ദിവസമായെങ്കിലും ഇതുവരെ തെളിവെടുപ്പിന് കൊണ്ട് പോയിട്ടില്ല.
കോഴിക്കോട് |എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പിടിയിലായ ഷാറൂഖ് സെയ്ഫി ടിക്കറ്റ് എടുത്തത് ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്കെന്ന് പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍, കോഴിക്കോട് ഇറങ്ങാതെ ഇയാള്‍ ഷൊര്‍ണൂരില്‍ ഇറങ്ങിയത് പിടിക്കപ്പെട്ടാല്‍ അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പൊലീസ് പറഞ്ഞു. ഇറങ്ങിയ സ്ഥലം എവിടെയാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും ഷാറൂഖ് സെയ്ഫി മൊഴി നല്‍കി. എന്നാല്‍, ഈ വാദം പൊലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല.
അറിയാത്ത സ്ഥലത്ത് ഇറങ്ങിയ ഷാറൂഖ് എങ്ങനെയാണ് അവിടെ പെട്രോള്‍ പമ്പ് കണ്ടെത്തിയത് എന്ന ചോദ്യമാണ് പൊലീസിനുള്ളത്. പതിനഞ്ച് മണിക്കൂറോളം ഷാറൂഖ് ഷൊര്‍ണൂരില്‍ ചെലവഴിച്ചിരുന്നു. അറിയാത്ത ഒരിടത് ഇറങ്ങിയ ഷാറൂഖിന് പതിനഞ്ച് മണിക്കൂറോളം അവിടെ ചെലവഴിക്കേണ്ട സാഹചര്യത്തെ പൊലീസ് കണക്കിലെടുക്കുന്നുണ്ട്.
ഷാറൂഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ട് നാല് ദിവസമായെങ്കിലും ഇതുവരെ തെളിവെടുപ്പിന് കൊണ്ട് പോയിട്ടില്ല. ഇന്നത്തെ ഉന്നതതല യോഗത്തിന് ശേഷമായിരിക്കും തെളിവെടുപ്പിന് കൊണ്ട് പോകുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ പൊലീസ് എടുക്കുക.
കൂടാതെ, ഈ സംഭവത്തില്‍ ഷാറൂഖിന് ഒരു സഹായി കൂടി ഉണ്ടായിരുന്നതായി പൊലീസ് ഉറപ്പിക്കുന്നുണ്ട്. ട്രെയിന്‍ ആക്രമണം നടക്കുമ്പോള്‍ ഷാറൂഖിനൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.