Connect with us

sheikh jeelani

ദീനിനെ പ്രോജ്ജ്വലിപ്പിച്ച ശൈഖ് ജീലാനി

"പലപ്പോഴും നദിക്കരകളില്‍ വിളയുന്ന പച്ചിലകളും പച്ചവെള്ളവും കുടിച്ചാണ് ഞാന്‍ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. മതരംഗത്ത് പ്രവര്‍ത്തിക്കുന്നവരും വിദ്യാര്‍ഥികളും ശൈഖവര്‍കളുടെ പഠന കാലവും ജീവിതവും പഠന വിധേയമാക്കണം.

Published

|

Last Updated

രിത്രത്തിന്റെ മഹത്തായ കൈവഴികളില്‍ പ്രകാശ പ്രോജ്ജ്വലമായി സുവര്‍ണപ്രഭ ചൊരിയുന്ന മഹാത്മാവാണ് ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ.സി). ഓരോ നൂറ്റാണ്ടിലും ഇസ്‌ലാമിക സമൂഹത്തില്‍ ദീനിന്റെ പ്രകാശം കൊണ്ട് ജനതയെ ജീവിപ്പിക്കാന്‍ അല്ലാഹു മുജദ്ദിദുകളെ നിയോഗിക്കുമെന്ന് മുത്ത് നബി (സ) തങ്ങള്‍ അരുള്‍ ചെയ്തിട്ടുണ്ട്. ഇസ്‌ലാമിക വിശ്വാസ സംഹിതയെ കളങ്കമേതുമില്ലാതെ നിലനിര്‍ത്തലും വിശ്വാസികളെ സംരക്ഷിക്കലും അവരെ തര്‍ബിയത്ത് ചെയ്ത് വിശുദ്ധ ജീവിതം പരിശീലിപ്പിക്കലുമാണ് മുജദ്ദിദുകള്‍ക്ക് നിര്‍വഹിക്കാനുള്ള കടമ. മുസ്‌ലിം ജനസമൂഹം സുഖഭോഗങ്ങളിലും അന്ധവിശ്വാസങ്ങളിലും ഭൗതിക താത്പര്യങ്ങളിലും മുഴുകി ജീവിതം മുന്നോട്ട് കൊണ്ടുപോകുകയും വിശ്വാസപ്രമാണങ്ങളില്‍ നിന്ന് അകന്നുപോകുകയും ചെയ്‌തൊരു കാലഘട്ടത്തിലാണ് തജ്ദീദിന്റെ മഹാ മന്ത്രവുമായി ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ. സി) രംഗത്തു വരുന്നത്. സമൂഹത്തില്‍ സര്‍വ വ്യാപിയായ തിന്മകള്‍ക്കെതിരെ അവിടുന്ന് പോരാടി. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും എഴുത്തും ജീവിതരീതിയും ജനങ്ങളെ വല്ലാതെ സ്വാധീനിച്ചു. ഭൗതിക പ്രമത്തരായി ജനങ്ങളെ ചൂഷണം ചെയ്തിരുന്ന അധികാര നേതൃത്വങ്ങളെ അവിടുന്ന് വീശിയെറിഞ്ഞു. തൗഹീദിന്റെ മൂശയില്‍ വിശ്വാസി സമൂഹത്തെ ഊട്ടിയുറപ്പിക്കുകയും വിശ്വാസത്തിന്റെ മാധുര്യം നിറക്കുകയും ചെയ്തു. ഭൗതികതയുടെ അപ്രതിരോധ്യമായ പ്രവാഹത്തിന് മുന്നില്‍ ഇസ്‌ലാമിക വിശ്വാസം ഊതിക്കാച്ചിയെടുക്കാന്‍ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു. പൊതു ജീവിതത്തില്‍ മുഴുകി ജീവിക്കുമ്പോള്‍ തന്നെ “സുഹ്ദ്’ എന്തായിരിക്കണമെന്ന് ശൈഖവര്‍കള്‍ കാണിച്ചു കൊടുത്തു. പരിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ജീവിതത്തില്‍ എങ്ങനെയാണ് പുലര്‍ത്തേണ്ടതെന്ന് മഹാനര്‍ പഠിപ്പിച്ചു.

അധികാര വര്‍ഗങ്ങളുടെ തെറ്റായ നയനിലപാടുകള്‍ക്കെതിരെ ഘോരഘോരമായി ശബ്ദിച്ചു. ഭൗതികപ്രമത്തരായ പണ്ഡിതന്മാരുടെ ദുഷ്ചെയ്തികളെ തുറന്നു കാട്ടി. മൂന്ന് പതിറ്റാണ്ട് കൊണ്ട് ലക്ഷത്തിലധികം മതപ്രബോധകരെ അവിടുന്ന് വളര്‍ത്തിയെടുത്തു. പതിനായിരങ്ങള്‍ വിശുദ്ധ ശഹാദത്ത് ചൊല്ലി പരിശുദ്ധ വഴിയിലേക്ക് പ്രവേശിച്ചു. ജനങ്ങളെ സംസ്‌കരിക്കുകയും വിശുദ്ധ ജീവിതത്തിന് പാകമാക്കുകയും ജീവിത മാതൃകകളെ സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്ന തജ്ദീദിന്റെയും തര്‍ബിയ്യത്തിന്റെയും വഴിയായിരുന്നു ഖാദിരിയ്യ വഴി.

ഉമ്മയില്‍ നിന്നാണ് പ്രാഥമിക പഠനം. മാതൃ പിതാവില്‍ നിന്ന് സൂക്ഷ്മ വിജ്ഞാനങ്ങളും സുഹ്ദിന്റെ പാഠങ്ങളും ശൈഖവര്‍കള്‍ നുകര്‍ന്നു. മഹാ പണ്ഡിതന്മാരുടെയും ഗുരുവര്യരുടെയും സാന്നിധ്യമുള്ള ബഗ്ദാദില്‍ പോയി വിദ്യ നുകര്‍ന്നു. തന്റെ പഠനകാല ജീവിതത്തെ കുറിച്ച് ഒരിക്കല്‍ ശൈഖ് പറഞ്ഞു, “പലപ്പോഴും നദിക്കരകളില്‍ വിളയുന്ന പച്ചിലകളും പച്ചവെള്ളവും കുടിച്ചാണ് ഞാന്‍ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. മതരംഗത്ത് പ്രവര്‍ത്തിക്കുന്നവരും വിദ്യാര്‍ഥികളും ശൈഖവര്‍കളുടെ പഠന കാലവും ജീവിതവും പഠന വിധേയമാക്കണം.

ഇസ്‌ലാമിലെ ഏതാണ്ടെല്ലാ വിജ്ഞാന ശാഖകളിലൂടെയും അവിടുന്ന് വിജ്ഞാന തപസ്യ നടത്തി. ശൈഖ് ജീലാനി എല്ലാ തരത്തിലുള്ള അനീതികളോടും അധാര്‍മികതയോടും ശക്തമായി പ്രതിരോധിക്കാനുള്ള ശക്തിയും ധൈര്യവും ഹിമ്മത്തും നേടിയെടുത്തു. ദൃഢമായ വിശ്വാസവും ഉറച്ച കാല്‍വെപ്പുമാണ് ഈമാന്‍ പ്രോജ്ജ്വലമാകാന്‍ കാരണമാകുകയെന്ന് ശൈഖ് ജീലാനി വിശ്വാസികളെ ധരിപ്പിച്ചു. ഭൗതിക താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയവന് മതത്തിന്റെ കാര്യത്തില്‍ കൃത്യമായ നിലപാട് പറയാന്‍ കഴിയാതെ വരുമെന്ന് ശൈഖവര്‍കള്‍ പണ്ഡിതര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ലക്ഷക്കണക്കിന് ആളുകള്‍ സത്യവിശ്വാസത്തിലേക്ക് പ്രവേശിച്ച ഖാദിരിയ്യ സരണിയിലൂടെ പരിശുദ്ധ ദീനിനെ ജീവിപ്പിക്കുകയായിരുന്നു ശൈഖ് ജീലാനി. ഇന്നും യഥാര്‍ഥ ഖാദിരിയ്യ സരണി പ്രബോധനത്തിനും തര്‍ബിയ്യത്തിനും വേണ്ടി പരിശ്രമങ്ങള്‍ ചെയ്യുന്നു. ആയിരങ്ങള്‍ സന്മാര്‍ഗ പ്രവേശനം നേടുന്നു.

Latest