Kerala
പാഠപുസ്തകങ്ങളിലൂടെ കുട്ടികളുടെ കൈകളിലേക്ക് ഷാജിയുടെ കാര്‍ട്ടൂണുകളും
ഒന്ന്, മൂന്ന്, അഞ്ച്, ക്ലാസ്സുകളിലെ മലയാളം ഇംഗ്ലീഷ്,ഗണിതം പുസ്തകങ്ങളിലാണ് ഷാജി മാത്യു വരച്ചിട്ടുള്ളത്
പത്തനംതിട്ട | പുതിയ പാഠപുസ്തകങ്ങള്‍ കുട്ടികളുടെ കൈയിലെത്തുമ്പോള്‍ കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണിസ്റ്റ് വരച്ച ചിത്രങ്ങളും നിറയെ ഉണ്ട്. മണ്ടൂസ്, ടിന്റുമോന്‍, പിണ്ടൂസ്, ശുപ്പന്‍, തുടങ്ങി നിരവധി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യുവാണ് ഇത്തവണ പാഠ പുസ്തകങ്ങളിലെ ചിത്രങ്ങള്‍ വരച്ചത്.
ഒന്ന്, മൂന്ന്, അഞ്ച്, ക്ലാസ്സുകളിലെ മലയാളം ഇംഗ്ലീഷ്,ഗണിതം പുസ്തകങ്ങളിലാണ് ഷാജി മാത്യു വരച്ചിട്ടുള്ളത്. കുട്ടികളുടെ വരയില്‍ ദീര്‍ഘകാലത്തെ പരിചയമുള്ള ഷാജി മാത്യുവിന്റെ പ്രയോജനപ്പെടുത്തുവാന്‍ സംസ്ഥാന വിദ്യാഭ്യാസഗവേഷണ പരിശീലനസമിതി തീരുമാനിക്കുകയായിരുന്നു.
ഷാജിമാത്യുവിന്റെ ചിത്രങ്ങള്‍ മുമ്പും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരന്‍ കെ ശ്രീകുമാറിന്റെ മഞ്ഞപ്പാവാട എന്ന പാഠത്തിനു വേണ്ടി വരച്ച ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുസ്തക രചയിതാക്കളുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയാണ് ഓരോ ചിത്രവും തയ്യാറാക്കിയിട്ടുള്ളത്. അക്കാദമിക്ക് കോ ഓഡിനേറ്റര്‍ രാജേഷ് എസ് വള്ളിക്കോടും നിര്‍ദ്ദേശങ്ങളുമായി ഒപ്പമുണ്ടായിരുന്നു.