Connect with us

Kerala

ശാഖാ കുമാരി വധക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

ശാഖാ കുമാരിയുടെ ബന്ധുക്കളില്‍ ചിലര്‍ ഫോട്ടോ പ്രചരിപ്പിച്ചത് അരുണിനെ പ്രകോപിപ്പിച്ചു

Published

|

Last Updated

നെയ്യാറ്റിന്‍കര  | സ്വത്തുക്കള്‍ കൈക്കലാക്കാന്‍ 52കാരിയെ വിവാഹം കഴിക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ കേസില്‍ ഭര്‍ത്താവിനു ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും. കൊല്ലപ്പെട്ട ശാഖാ കുമാരിയുടെ ഭര്‍ത്താവ് തിരുവനന്തപുരം അതിയന്നൂര്‍ അരുണ്‍ നിവാസില്‍ അരുണിനെ (32)യാണ് നെയ്യാറ്റിന്‍കര അഡീഷനല്‍ ജില്ലാ കോടതി ശിക്ഷിച്ചത്. അരുണ്‍ കുറ്റക്കാരനെന്നു കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു.

ത്രേസ്യാപുരത്ത് പ്ലാങ്കാല പുത്തന്‍ വീട്ടില്‍ ശാഖാ കുമാരി (52) ആണ് കൊല്ലപ്പെട്ടത്. 2020 ഡിസംബര്‍ 26നു പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു കൊലപാതകം. അവിവാഹിതയായ ശാഖ കുമാരിയുമായി ഇലക്ട്രിഷ്യനായ അരുണ്‍ അടുപ്പം സ്ഥാപിക്കുകയും 2020 ഒക്ടോബര്‍ 29നു വിവാഹം കഴിക്കുകയും ചെയ്തു.

വിവാഹം രഹസ്യമായിരിക്കണമെന്നും വിവാഹ ഫോട്ടോ, വിഡിയോ ഒന്നും പുറത്തുവിടരുതെന്നും അരുണ്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശാഖാ കുമാരിയുടെ ബന്ധുക്കളില്‍ ചിലര്‍ ഫോട്ടോ പ്രചരിപ്പിച്ചത് അരുണിനെ പ്രകോപിപ്പിച്ചു

പിന്നീട് ശാഖാ കുമാരിയെ കൊലപ്പെടുത്താന്‍ അരുണ്‍ തീരുമാനിച്ചു. തുടര്‍ന്ന്, 2020 ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിച്ച ശേഷം ബന്ധുക്കള്‍ വീട്ടില്‍നിന്നു പിരിഞ്ഞപ്പോള്‍ ശാഖാ കുമാരിയുടെ വായും മുഖവും അമര്‍ത്തി ശ്വാസം മുട്ടിച്ചു ബോധം കെടുത്തിയ ശേഷം ശരീരത്തില്‍ വൈദ്യുതി കടത്തി വിട്ടു കൊലപ്പെടുത്തുകയായിരുന്നു. അബദ്ധത്തില്‍ സംഭവിച്ചതാണെന്നു വരുത്താന്‍ അലങ്കാര ബള്‍ബുകള്‍ ശരീരത്തില്‍ ചുറ്റിയിടുകയും ചെയ്തു