Connect with us

Kerala

സമൂഹത്തിനാകെ നാണക്കേട്; പന്തീരാങ്കാവില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍

റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം|കോഴിക്കോട് പന്തീരാങ്കാവില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. യുവതിയ്ക്ക് ഭര്‍തൃവീട്ടില്‍നിന്ന് മര്‍ദനമേറ്റത് നിര്‍ഭാഗ്യകരവും സമൂഹത്തിനാകെ നാണക്കേട് ഉണ്ടാക്കുന്നതുമായ സംഭവമാണെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെയാണ് സംഭവം അറിഞ്ഞത്. അപ്പോള്‍ തന്നെ പോലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടാനുള്ള നിര്‍ദേശം നല്‍കുകയായിരുന്നെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ഏഴംഗ പ്രത്യേക അന്വേഷണ സംഘമാണ് രൂപീകരിച്ചത്. ഫറോക്ക് എസിപി സാജു കെ എബ്രഹാമാണ് അന്വേഷണ സംഘത്തിന്റെ തലവന്‍. അന്വേഷണം ഏറ്റെടുത്ത പുതിയ സംഘം പ്രതി രാഹുല്‍ പി ഗോപാലിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. രാഹുലിന്റെ ബന്ധുക്കളില്‍ നിന്ന് ഇന്നുതന്നെ സംഘം മൊഴിയെടുക്കും. പ്രതി സംസ്ഥാനം വിട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകം ഉള്‍പ്പടെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

പ്രതി രാഹുല്‍  വിദേശത്തേക്ക് കടന്നതായി പോലീസ് സംശയിക്കുന്നുണ്ട്. കേസില്‍ അകപ്പെട്ടാല്‍ വിദേശയാത്ര തടസ്സപ്പെടുമെന്ന ഭീതിയില്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുന്നതിനു മുമ്പു തന്നെ ഇയാള്‍ കടന്നു കളഞ്ഞിട്ടുണ്ടാവുമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. രാഹുല്‍ സിംഗപ്പൂരിലേക്ക് കടന്നിരിക്കാമെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താനായി കേരള പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടും.

രാഹുലിനെതിരെ കടുത്ത നടപടി വേണമെന്നാണ് പോലീസ് തലപ്പത്ത് നിന്നുള്ള നിര്‍ദേശം. പോലീസിന്റെ വീഴ്ചയാണ് രാഹുല്‍  രക്ഷപെടാന്‍ കാരണമായതെന്ന ആക്ഷേപം യുവതിയും കുടുംബവും ഉന്നയിച്ചിരുന്നു.പോലീസ് പ്രതിയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി യുവതിയും കുടുംബവും പരാതി സമര്‍പ്പിച്ചതിന് പിന്നാലെ എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ സംഭവത്തില്‍ ഇടപെടല്‍ നടത്തുകയും പരാതി അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. വീഴ്ച കണ്ടെത്തിയതോടെ പന്തീരങ്കാവ് എസ് എച്ച് ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

മെയ് അഞ്ചിനാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഒരാഴ്ചക്കുശേഷം രാഹുലിന്റെ വീട്ടിലേക്ക് സത്കാരത്തിനായി വധുവിന്റെ കുടുംബം എത്തിയപ്പോഴാണ് യുവതിയുടെ ശരീരത്തിലെ പരുക്കുകള്‍ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്നാണ് ഭര്‍ത്താവില്‍ നിന്ന് മര്‍ദനമേറ്റ വിവരം യുവതി വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ യുവതിയുമായി കുടുംബം പന്തീരാങ്കാവ് പോലീസിനെ സമീപിച്ച് പരാതി നല്‍കുകയായിരുന്നു.

 

 

 

Latest