Ongoing News
ഷമി തിരിച്ചെത്തുന്നു; വരുന്ന രഞ്ജി ട്രോഫിയില്‍ ബംഗാളിനായി കളത്തിലിറങ്ങും
മധ്യപ്രദേശുമായുള്ള ബംഗാളിന്റെ മത്സരത്തിലാണ് ഷമി വീണ്ടും ഗ്രൗണ്ടിലിറങ്ങുക.
കൊല്‍ക്കത്ത | ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി ഒരിടവേളക്കു ശേഷം മൈതാനത്തേക്ക് തിരിച്ചെത്തുന്നു. വരുന്ന രഞ്ജി ട്രോഫി ടൂര്‍ണമെന്റിലെ ബംഗാള്‍ സ്‌ക്വാഡില്‍ ഷമിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരുക്കിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി കളിക്കളത്തിന് പുറത്തായിരുന്നു ഷമി. കണങ്കാലിനേറ്റ പരുക്കിന് കഴിഞ്ഞ മാര്‍ച്ചില്‍ ഷമി ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
നവംബര്‍ 13നാണ് അടുത്ത രഞ്ജി ട്രോഫി ആരംഭിക്കുന്നത്. മധ്യപ്രദേശുമായുള്ള ബംഗാളിന്റെ മത്സരത്തിലാണ് ഷമി വീണ്ടും ഗ്രൗണ്ടിലിറങ്ങുക. ഇന്‍ഡോറിലാണ് ഈ മത്സരം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ആസ്‌ത്രേലിയക്കെതിരെ അഹമ്മദാബാദില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനലിലാണ് ഷമി അവസാനമായി കളിച്ചത്.
നവംബര്‍ 22ന് പെര്‍ത്തില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നടക്കാനിരിക്കേ ഷമിയുടെ ശാരീരികക്ഷമത സൂക്ഷ്മമായി വിലയിരുത്തും. ഷമിയെ ഇതുവരെ അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ബംഗാളിനായി ഒന്നോ രണ്ടോ രഞ്ജി ട്രോഫി മത്സരങ്ങള്‍ ആസ്‌ത്രേലിയയിലേക്ക് പറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യന്‍ സ്‌ക്വാഡ് തീരുമാനിക്കപ്പെടും മുമ്പ് ഷമി പറഞ്ഞിരുന്നു.
രഞ്ജി ട്രോഫിക്ക് പിന്നാലെ കൂടുതല്‍ പ്രാദേശിക ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാനും താരം താത്പര്യം കാണിച്ചേക്കും. നവംബര്‍ 23ന് ആരംഭിക്കുന്ന സയ്യിജ് മുഷ്താഖ് അലി ട്രോഫിയിലും ഷമി കളിക്കാന്‍ സാധ്യതയുണ്ട്.