Kerala
ഷാന്‍ വധക്കേസ്: ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികള്‍ അറസ്റ്റില്‍
തമിഴ്നാട്ടിലെ പഴനിയില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് ഇവര്‍ ഒളിവില്‍ പോയിരുന്നു.
ആലപ്പുഴ | എസ് ഡി പി ഐ നേതാവ് കെ എസ് ഷാന്‍ വധക്കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികള്‍ അറസ്റ്റില്‍. കേസിലെ രണ്ട് മുതല്‍ ആറ് വരെയുള്ള പ്രതികളായ കോമളപുരം തൈവേലില്‍ വീട്ടില്‍ വിഷ്ണു, മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡ് കാടുവെട്ടിയില്‍ വീട്ടില്‍ അഭിമന്യു, പൊന്നാട് കുന്നുമ്മേല്‍ വെളി വീട്ടില്‍ സനന്ദ്, വടക്കനാര്യാട് ഒറ്റക്കണ്ടത്തില്‍ വീട്ടില്‍ അതുല്‍, തെക്കനാര്യാട് കിഴക്കേവേലിയകത്ത് വീട്ടില്‍ ധനീഷ് എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ പഴനിയില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്.
ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് ഇവര്‍ ഒളിവില്‍ പോയിരുന്നു. പിന്നാലെ പ്രതികള്‍ക്കെതിരെ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കീഴടങ്ങാത്ത പ്രതികളുടെ ജാമ്യക്കാര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. കേസ് ഏഴിന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്. കേസില്‍ ആകെ 10 പ്രതികളാണുള്ളത്.
2021 ഡിസംബര്‍ 18 ന് രാത്രി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോള്‍ മണ്ണഞ്ചേരിയില്‍ വെച്ച് ഷാനിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ബി ജെ പി ഒ ബി സി മോര്‍ച്ച നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസും കൊലക്കത്തിക്കിരയായി.