Connect with us

From the print

ഷാന്‍ വധക്കേസ് ഇഴയുന്നു; കേസുകളില്‍ ഇരട്ടനീതിയെന്ന് ആക്ഷേപം

പ്രതികാര കൊലയില്‍ പ്രതികള്‍ക്ക് തൂക്കുകയര്‍. ആദ്യം കൊല്ലപ്പെട്ട ഷാനിന്റെ കുടുംബത്തിന് കണ്ണീര്‍ തന്നെ

Published

|

Last Updated

ആലപ്പുഴ | എസ് ഡി പി ഐ നേതാവ് കെ എസ് ഷാന്‍ വധത്തിന്റെ പ്രതികാര കൊലപാതകമെന്ന് അന്വേഷണ സംഘം കണ്ടെത്തിയ ബി ജെ പി നേതാവ് രഞ്ജിത് ശ്രീനിവാസന്‍ കേസില്‍ പ്രതികള്‍ക്കെല്ലാം വധശിക്ഷ വിധിക്കപ്പെട്ടപ്പോഴും ഷാന്‍ കേസില്‍ വിചാരണ ഇനിയും ആരംഭിച്ചില്ല.

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നടന്ന കൊലപാതക കേസുകളില്‍ ഇരട്ടനീതിയെന്ന ആക്ഷേപം വ്യാപകമാണ്. 2021 ഡിസംബര്‍ 18ന് രാത്രിയിലാണ് മണ്ണഞ്ചേരി പൊന്നാട്ടെ വീട്ടിലേക്കുള്ള യാത്രക്കിടെ എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയായ കെ എസ് ഷാന്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷം ആര്‍ എസ് എസ് സംഘം വെട്ടിക്കൊലപ്പെടുത്തുന്നത്.

ഇതിനു പിന്നാലെയാണ് ഡിസംബര്‍ 19ന് പുലര്‍ച്ചെ ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസ് കൊല്ലപ്പെടുന്നത്. ഈ കേസില്‍ പ്രതികളെല്ലാം വൈകാതെ തന്നെ അഴിക്കുള്ളിലാകുകയും ജാമ്യം നിഷേധിക്കപ്പെടുകയും ചെയ്തിരുന്നു. രഞ്ജിത് കൊല്ലപ്പെട്ടതിന്റെ വാര്‍ഷിക പിറ്റേന്ന് പ്രതികളെല്ലാം കുറ്റക്കാരെന്ന് കോടതി കണ്ടെത്തുകയും ചെയ്തു.

കുറ്റക്കാരെന്ന് കണ്ടെത്തി പത്താം നാള്‍ പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. സംസ്ഥാന ചരിത്രത്തിലെ തന്നെ ആദ്യ കൂട്ടവധ ശിക്ഷയായി രഞ്ജിത് കേസിന്റെ വിധി സ്ഥാനം പിടിക്കുകയും ചെയ്തു. വിധിയില്‍ രഞ്ജിത്തിന്റെ കുടുംബം പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ആദ്യം കൊല്ലപ്പെട്ട കെ എസ് ഷാനിന്റെ കുടുംബത്തിന് ഇന്നും കണ്ണീര്‍ തന്നെ. കൊല്ലപ്പെടുമ്പോള്‍ നാല്‍പതോളം മുറിവുകളായിരുന്നു ഷാനിന്റെ ദേഹത്ത് ഉണ്ടായിരുന്നത്.

തുടക്കത്തില്‍ കൃത്യമായ അന്വേഷണമാണ് ഷാന്‍ വധക്കേസില്‍ നടന്നത്. 2022 മാര്‍ച്ച് 16ന് കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. കൊലപാതകം നടന്ന് 82 ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസിന്റെ വിചാരണ പോലും ഇനിയും ആരംഭിക്കാതെ ഇഴഞ്ഞുനീങ്ങിയതില്‍ വ്യാപക വിമര്‍ശമാണുയര്‍ന്നത്. പ്രോസിക്യൂട്ടര്‍മാരായി നിയമിക്കുന്നവര്‍ അജ്ഞാത കാരണങ്ങളാല്‍ ജോലി ഉപേക്ഷിച്ച് പോയത് ഉള്‍പ്പെടെയുള്ളവയാണ് വിചാരണ വൈകാനിടയായത്.

ആര്‍ എസ് എസ് ഉന്നതരായ മുഴുവന്‍ പ്രതികളും ആദ്യഘട്ടത്തില്‍ തന്നെ ജാമ്യം നേടി പുറത്തിറങ്ങിയപ്പോള്‍ തന്നെ കേസില്‍ പോലീസിന്റെ നിലപാടുകളിലെ ദുരൂഹതകള്‍ മറ നീക്കി പുറത്തുവന്നിരുന്നു. പിന്നീടങ്ങോട്ട് നടന്നതെല്ലാം ഈ ദുരൂഹതകള്‍ കൂടുതല്‍ ബലപ്പെടുത്തുന്ന തരത്തിലായിരുന്നു. കേസിന്റെ ഒന്നാംഘട്ടത്തില്‍ ആകെയുള്ള 11 പ്രതികളില്‍ ഒമ്പതാം പ്രതി ശ്രീനാഥ് എസ് എഫ് ഐ നേതാവ് അജയ് പ്രസാദ് വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്. എന്നിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കേസിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സഹായകമാകുന്ന നിലപാട് സ്വീകരിച്ചില്ലെന്ന ആക്ഷേപമുണ്ട്.

കേസ് നടത്തിപ്പിനായി നിയമിച്ച പ്രോസിക്യൂട്ടര്‍മാരെ നിലനിര്‍ത്താന്‍ പോലീസും ആത്മാര്‍ഥമായി പരിശ്രമിച്ചില്ലെന്ന ആക്ഷേപമുണ്ട്. രഞ്ജിത് വധക്കേസില്‍ വിധി പറയുന്നതിന് തൊട്ടുമുമ്പാണ് പുതിയ പ്രോസിക്യൂട്ടറായി പി പി ഹാരിസിനെ സര്‍ക്കാര്‍ നിശ്ചയിച്ചത്. ഫെബ്രുവരി രണ്ടിന് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയില്‍ ഷാന്‍ വധക്കേസിന്റെ വിചാരണ ആരംഭിക്കും.

പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതോടെയാണ് വിചാരണ നടപടികള്‍ക്ക് തുടക്കമാകുന്നത്. വയലാറില്‍ നന്ദു എന്ന ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല ചെയ്യപ്പെട്ടതിന്റെ പ്രതികാരമായാണ് ഷാനിനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.