Kerala
ഷാന്‍ വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി തള്ളി
ഒരു വര്‍ഷമായി പ്രതികള്‍ ജാമ്യത്തില്‍ കഴിയുകയാണ്. ഇവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടര്‍ പി പി ഹാരിസാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
ആലപ്പുഴ| എസ് ഡി പി ഐ നേതാവ് അഡ്വ.കെ എസ് ഷാന്‍ വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള പ്രോസിക്യൂഷന്‍ അപേക്ഷ കോടതി തള്ളി. ആലപ്പുഴ അഡീഷനല്‍ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്. ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരായ 10 പേരാണ് ഷാന്‍ വധക്കേസിലെ പ്രതികള്‍. ഒരു വര്‍ഷമായി പ്രതികള്‍ ജാമ്യത്തില്‍ കഴിയുകയാണ്. ഇവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടര്‍ പി പി ഹാരിസാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
ചട്ടങ്ങള്‍ ലംഘിച്ചാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതെന്ന് കാണിച്ചാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. ജാമ്യം റദ്ദാക്കല്‍ അപേക്ഷ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ അല്ല, ഹൈക്കോടതിയിലാണ് സമര്‍പ്പിക്കേണ്ടതെന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.
2021 ഡിസംബര്‍ 18ന് മണ്ണഞ്ചേരി – പൊന്നാട് റോഡില്‍ കുപ്പേഴം ജങ്ഷനില്‍നിന്ന് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകവെയാണ് ഷാനെ കൊലപ്പെടുത്തിത്. വയലാറില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ നന്ദുകൃഷ്ണയെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ഷാനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍.