From the print
ഷാന്‍ വധക്കേസ് ഇന്ന് പരിഗണിക്കും; 11 ബി ജെ പി- ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പ്രതികള്‍
483 പേജുകളുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്. 143 സാക്ഷികളുണ്ട്.
ആലപ്പുഴ | എസ് ഡി പി ഐ നേതാവായിരുന്ന മണ്ണഞ്ചേരിയിലെ അഡ്വ. കെ എസ് ഷാനിനെ കൊലപ്പെടുത്തിയ കേസ് ആലപ്പുഴ അഡീഷനല്‍ സെഷന്‍സ് മൂന്നാം കോടതി ഇന്ന് പരിഗണിക്കും. 11 ബി ജെ പി, ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പ്രതികളായ സംഭവത്തില്‍ രണ്ട് കേസുകളാണുള്ളത്.
മണ്ണഞ്ചേരി രാജേന്ദ്രപ്രസാദ്, അവലൂക്കുന്ന് വിഷ്ണു, കാട്ടൂര്‍ അഭിമന്യു, പൊന്നാട് സനന്ദ്, ആര്യാട് വടക്ക് അതുല്‍, കോമളപുരം ധനീഷ്, മണ്ണഞ്ചേരി ശ്രീരാജ്, പൊന്നാട് പ്രണവ്, കൊല്ലം ക്ലാപ്പന ശ്രീനാഥ്, കൊക്കോതമംഗലം മുരുകേശന്‍, കാട്ടൂര്‍ രതീഷ് എന്നിവരാണ് പ്രതികള്‍.
കുറ്റപത്രം സമര്‍പ്പിച്ച ശേഷമാണ് ശ്രീനാഥും മുരുകേശനും അറസ്റ്റിലാകുന്നത്. തുടര്‍ന്നാണ് രണ്ട് കേസുകളുണ്ടായത്.ആദ്യം പിടിയിലായ ഒന്പത് പ്രതികളുടെ കേസും പിന്നീട് പിടിയിലായ രണ്ട് പ്രതികളുടെ കേസും ഒന്നിച്ച് വിചാരണ ചെയ്യാന്‍ കഴിഞ്ഞ 11ന് സെഷന്‍സ് കോടതി ഉത്തരവിട്ടു. കേസില്‍ ഒരാഴ്ച മുമ്പാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത്. 483 പേജുകളുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്. 143 സാക്ഷികളുണ്ട്.
ഷാനിനെ കൊലപ്പെടുത്തിയതിന്റെ പിറ്റേ ദിവസമാണ് രഞ്ജിത് ശ്രീനിവാസനെ വീട്ടില്‍ക്കയറി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. ഇതില്‍ പ്രതികളായ 15 പേര്‍ക്കും മാവേലിക്കര അഡീഷനല്‍ സെഷന്‍സ് ജഡ്ജി വി ജി ശ്രീദേവി വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ഷാന്‍ കേസില്‍ നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണെന്നാണ് ആക്ഷേപം.
2021 ഡിസംബര്‍ 18ന് വൈകിട്ട് ഏഴിനാണ് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാനിനെ ആക്രമിച്ചത്. മണ്ണഞ്ചേരി പൊന്നാടുള്ള വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോള്‍ കാറിലെത്തിയ സംഘം നടുറോഡില്‍ വെട്ടിവീഴ്ത്തുകയായിരുന്നു. നാല്‍പ്പതിലധികം വെട്ടേറ്റിരുന്നു. കഴുത്തിനേറ്റ വെട്ടായിരുന്നു ഷാനിന്റെ മരണ കാരണം.