Rajiv Gandhi Assassination
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ ശ്രീലങ്കയിലേക്ക്
കേന്ദ്ര സര്‍ക്കാര്‍ എക്സിറ്റ് പെര്‍മിറ്റ് തിരുച്ചിറപ്പള്ളി കലക്ടര്‍ക്ക് കൈമാറി

ചെന്നൈ | രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ ഒരാഴ്ചയ്ക്കകം ശ്രീലങ്കയിലേക്ക് പോകും. കേന്ദ്ര സര്‍ക്കാര്‍ എക്സിറ്റ് പെര്‍മിറ്റ് തിരുച്ചിറപ്പള്ളി കലക്ടര്‍ക്ക് കൈമാറിയതോടെയാണു യാത്രക്ക് വഴിയൊരുങ്ങിയത്.
ജയില്‍മോചിതരാവയവരില്‍ ആദ്യം ഇന്ത്യ വിടാനാവുന്ന ആളാണ് ശാന്തന്‍. ഓഗസ്റ്റ് വരെ കാലാവധിയുള്ള യാത്രരേഖ ലങ്കന്‍ സര്‍ക്കാര്‍ അനുവദിച്ചത്തോടെയാണ് ശാന്തന് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി ലഭിച്ചത്. പ്രായമായ മാതാവിനൊപ്പം താമസിക്കാനായി ശ്രീലങ്കയിലേക്ക് വിടണമെന്ന് ശാന്തന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജയില്‍മോചനത്തിന് പിന്നാലെ ശാന്തന്‍ അടക്കമുള്ളവരെ തിരിച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാംപിലാണു താമസിപ്പിക്കുന്നത്.
രാജീവ് ഗാന്ധി വധക്കേസില്‍ 32 വര്‍ഷം തടവില്‍ കഴിഞ്ഞതിനാല്‍ അമ്മയെ കാണാന്‍ കഴിഞ്ഞില്ലെന്നും ശ്രീലങ്ക സന്ദര്‍ശിക്കാനും അമ്മയെ പരിപാലിക്കാനും അനുവദിക്കണമെന്നും ശാന്തന്‍ രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചിരുന്നു. രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവുകാരായ ഏഴുപേരെയും മോചിപ്പിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന പ്രമേയം 2018 സെപ്റ്റംബറില്‍ തമിഴ്നാട് മന്ത്രിസഭ പാസാക്കിയിരുന്നു.
എന്നാല്‍ ഗവര്‍ണര്‍ തീരുമാനം എടുക്കുന്നതിനുപകരം വിഷയം കേന്ദ്രത്തിന് വിട്ടു. ഭരണഘടനയുടെ 142-ാം അനുച്ഛേദം പ്രകാരം സുപ്രീം കോടതിയാണ് ജീവപര്യന്തം തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. സ്പെഷ്യല്‍ ക്യാമ്പില്‍ കഴിയുന്ന ശ്രീലങ്കന്‍ പൗരന്‍മാരായ റോബര്‍ട്ട് പയസും ജയകുമാറും ജീവന് ഭീഷണിയുള്ളതിനാല്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നില്ലെന്നു തീരുമാനിച്ചിട്ടുണ്ട്.