Connect with us

cover story

സഹവർത്തിത്വത്തിന്റെ പങ്കുവെക്കലുകൾ

ഗുജറാത്തിന്റെ തനിമയും സ്വാഭാവിക സംസ്കൃതിയും ഏറ്റവും കൂടുതൽ പ്രകടമാകുന്ന സ്ഥലമാണ് സൗരാഷ്ട്ര ഏരിയകൾ. ഗുജറാത്തിൽ അറേബ്യൻ സമുദ്രവുമായി ചേർന്നുനിൽക്കുന്ന പ്രദേശങ്ങളെയാണ് അങ്ങനെ വിളിക്കാറ്. പോർബന്ധർ, രാജ്കോട്ട്, ദ്വാരക, ജാംനഗർ എന്നീ ജില്ലകളൊക്കെ ഈ പ്രദേശത്താണ്. 2008 ൽ സൗരാഷ്ട്രയിലെ ഗോണ്ടലിൽ എത്തിയ എന്റെ ഏറെക്കുറെ റമസാനുകളും ഗുജറാത്തിലായിരുന്നു. അഹമ്മദാബാദിൽ നിന്ന് കുറേക്കൂടി വ്യത്യസ്തമാണ് സൗരാഷ്ട്ര മേഖലയിലെ നോമ്പ് വിശേഷങ്ങൾ.

Published

|

Last Updated

ഹമ്മദാബാദ് ജാമി മസ്ജിദിലെ റമസാൻ ദിനങ്ങൾ ആണ്, ജീവിതത്തിൽ അനുഭവിച്ച മധുരിതമായ നോമ്പനുഭവങ്ങളിൽ മനോഹരം. വലിപ്പത്തിലും നിർമാണ ചാരുതിയിലും ഡൽഹി ജമാമസ്ജിദിനെ കവച്ചുവെക്കുമിത്. പ്രവിശാലമായ പള്ളിയുടെ ഭാഗമായ, മേൽക്കൂരയില്ലാത്ത ഇടം റമസാനിൽ വിശ്വാസികളുടെ പ്രിയപ്പെട്ട ഇടമാണ്. പതിനായിരങ്ങളെ ഉൾക്കൊള്ളാൻ മാത്രം വിസ്തൃതിയുണ്ട് ഇതിന്. റമസാനിൽ അഹമ്മദാബാദിലും പരിസരത്തുമുള്ള വിശ്വാസികൾക്ക് ഒരു പതിവുണ്ട്. കുട്ടികളെയും കൂട്ടി നേരത്തേ അവർ ജാമി മസ്ജിദിലെത്തുന്നു; വെറുംകൈയോടെയല്ല. വീട്ടിൽ നിന്ന് പാചകം ചെയ്ത പലവിധ റമസാൻ വിഭവങ്ങളുമായി.

ഒരു കുടുംബത്തിൽ നിന്ന് കുട്ടികളും മുതിർന്നവരും അടക്കം ഏഴോ എട്ടോ പേർ വരുമ്പോൾ, അവർക്ക് കഴിക്കാനുള്ള വിഭവങ്ങൾക്ക് പുറമെ, പത്ത് പേർക്കെങ്കിലും കൂടുതൽ കഴിക്കാനുള്ളവ കരുതും. അസ്വറിന് ശേഷം തന്നെ പള്ളിയങ്കണത്തിൽ ആളുകളുടെ വരവ് കാണാം. മഗ്‌രിബ് ബാങ്ക് കൊടുക്കുന്നതിന്റെ അര മണിക്കൂർ ആകുമ്പോഴേക്ക്, ഒരു സമ്മേളനത്തിന്റെ പ്രതീതിയിൽ അവിടം നിറയും. ഓരോ കുടുംബങ്ങളും വട്ടത്തിൽ ചേർന്നിരിക്കും. ജാമി മസ്ജിദ് അഹമ്മദാബാദ്‌ ഓൾഡ് മാർക്കറ്റിന്റെ ഒത്ത നടുക്കാണ്. മാർക്കറ്റിലെ തൊഴിലാളികളും പാവപ്പെട്ട കുടുംബങ്ങളും എല്ലാം നോമ്പുതുറ ആകുമ്പോഴേക്ക് എത്തും. അധികമായി ഉണ്ടാക്കിക്കൊണ്ടുവന്ന ഭക്ഷണ ഇനങ്ങൾ അവർക്കെല്ലാമായി വിതരണം ചെയ്യും, ഓരോ കുടുംബങ്ങളും. ഉള്ളവനും ഇല്ലാത്തവനും തമ്മിൽ വേർതിരിവുകൾ ഒട്ടും പ്രകടമാകാത്ത സഹവർത്തിത്വത്തിന്റെ മനോഹരമായ പങ്കുവെക്കലുകൾ. വയറു മാത്രമല്ല, മനസ്സും നിറഞ്ഞാണ്‌ ജാമി മസ്ജിദിൽ എത്തുന്ന ഏതൊരാളും മഗ്‌രിബ് നിസ്കാരവും കഴിഞ്ഞ് പുറത്തിറങ്ങുക.

സുൽത്താൻ അഹ്‌മദ്‌ ഷാ ഒന്നാമനാണ് 1424ൽ ജാമി മസ്ജിദ് നിർമിച്ചത്. 1411ലാണ് അഹമ്മദാബാദ് നഗരം തന്നെ ഉണ്ടാകുന്നത്. നാല് ഭാഗങ്ങളിലും ഗേറ്റുകൾ പണിത്, പൂർണമായ ആലോചനകളോടെയും പദ്ധതികളോടെയും നിർമിച്ച അഹമ്മദാബാദ് നഗരം, വാസ്തുവിദ്യാ വിദഗ്ധരെ അത്ഭുതപ്പെടുത്തിയ നിർമിതിയാണ്. ഇന്തോ മുസ്‌ലിം വാസ്തുവിദ്യയിൽ നിർമിച്ച ഈ പള്ളി, എണ്ണമറ്റ മാർബിൾ തൂണുകൾ കൊണ്ട് സമ്പന്നമാണ്. സമഗ്രമായ നഗരത്തിൽ, പതിനഞ്ചാം നൂറ്റാണ്ടിൽ അതിന്റെ ആരംഭം മുതൽ തുടങ്ങിയതാകാം, ഇപ്പോഴും നിലനിൽക്കുന്ന റമസാനിലെ ശ്രേഷ്ഠ ചര്യകൾ.

ഗുജറാത്തിന്റെ തനിമയും സ്വാഭാവിക സംസ്കൃതിയും ഏറ്റവും കൂടുതൽ പ്രകടമാകുന്ന സ്ഥലമാണ് സൗരാഷ്ട്ര ഏരിയകൾ. ഗുജറാത്തിൽ അറേബ്യൻ സമുദ്രവുമായി ചേർന്നുനിൽക്കുന്ന പ്രദേശങ്ങളെയാണ് അങ്ങനെ വിളിക്കാറ്. പോർബന്ധർ, രാജ്കോട്ട്, ദ്വാരക, ജാംനഗർ ജില്ലകളൊക്കെ ഈ പ്രദേശത്താണ്.

റമസാനിനെ വല്ലാത്തൊരു ആത്മീയ പ്രതീതിയോടെയാണ് സ്വീകരിക്കുക. പള്ളികൾ എല്ലാം വൃത്തിയാക്കും. നോമ്പ് തുറക്കാൻ പുരുഷന്മാരെല്ലാം പള്ളികളിൽ എത്തും. പലതരം പലഹാരങ്ങളുമായാണ് ആ വരവ്. ചിക്കൻ, മട്ടൻ വിഭവങ്ങൾ ഏറെ സ്വാദിഷ്ടമായി ഉണ്ടാക്കാൻ കഴിയുന്നവരാണ് ഇവിടുത്തുകാർ. ആ വിദ്യ പരമ്പരാഗതമായി കൈവന്നതുമാണ്. സൗരാഷ്ട്രയുടെ ഭൂമിശാസ്ത്ര കിടപ്പ്, നൂറ്റാണ്ടുകൾക്ക് മുമ്പ് കുറേക്കൂടി പേർഷ്യൻ സാമ്രാജ്യങ്ങളുടെ അടുത്തായിരുന്നല്ലോ. ഭക്ഷണത്തിൽ ഇപ്പോഴും അതിന്റെ സ്വാധീനമുണ്ട്. ചിക്കൻ, മട്ടൻ, പച്ചക്കറികൾ എന്നിവ കൊണ്ടുള്ള സമൂസ ആണ് പ്രധാനപ്പെട്ടൊരു വിഭവം. ഇതിൽ തന്നെ ധോരാജിയിൽ കിട്ടുന്ന മട്ടൻ സമൂസ അതി വിശിഷ്ടമാണ്. ദോറാജിയിൽ ചെന്നാൽ തന്നെ, ഒരു പൗരാണിക മുസ്‌ലിം പട്ടണത്തിൽ എത്തിയ പ്രതീതിയായിരിക്കും. മേമൻ വിഭാഗക്കാർ ധാരാളമുള്ള സ്ഥലമാണ് ഇവിടം. അവരുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സംവിധാനങ്ങളും ചാരിറ്റി പ്രവർത്തനങ്ങളും ഏറെ സജീവമായി നടക്കും റമസാനിൽ.

ദോറാജിയിലെയും പരിസര പ്രദേശങ്ങളിലെയും ഖബർസ്ഥാനുകൾ കാണേണ്ടതാണ്. ഒരു പൂന്തോട്ടത്തിന്റെ പ്രതീതിയാണ് അവക്ക്. റമസാനിൽ ദിനേനെയെന്നോണം വിശ്വാസികൾ അവരുടെ ഉറ്റവരുടെ ഖബറുകൾ സന്ദർശിക്കുന്നു. മരണപ്പെട്ടവർക്കായി പ്രാർഥന നടത്തുന്നു. എല്ലാ ഖബറിന് മുകളിലും മനോഹരമായ ചെടികൾ നട്ടുപിടിച്ചിട്ടുണ്ടാകും. അവയിൽ ഓരോ ദിവസവും വെള്ളമൊഴിക്കുക കൂടി ചെയ്യുന്നു , സന്ദർശനത്തിന് എത്തുന്നവർ. റമസാൻ അല്ലാത്ത കാലത്തും സിയാറത്തും പരിപാലനവും വ്യാപകമാണെങ്കിലും, റമസാനിൽ അത് വർധിക്കുന്നു. വെള്ളിയാഴ്ചകളിൽ ജുമുഅ കഴിഞ്ഞു വന്നാൽ ഉപ്പയെയും ഉമ്മയെയും വലിയുമ്മയും വലിയുപ്പയും ജീവിച്ചിരിപ്പുണ്ടെങ്കിൽ അവരെയും ചേർത്തുപിടിച്ചു മുത്തം നൽകുന്ന രീതിയുണ്ട് ഗുജറാത്തികളിൽ. റമസാനിൽ അതിനു വശ്യത കൂടും. അത്തരം ചേർത്തുപിടിക്കലുകൾക്കൊപ്പം മക്കൾക്കായി സമ്മാനം നൽകുകയും പ്രാർഥന നടത്തുകയും ചെയ്യും മാതാപിതാക്കൾ. ഇസ്‌ലാമിക സംസ്കാരത്തിലെ ഇത്തരം മനോഹരമായ ആചാരങ്ങൾ, ആധുനികതയുടെ പുളകം കൊള്ളലിൽ പല നാടുകളിൽ നിന്നുമെടുത്ത് പോയിട്ടുണ്ടെങ്കിലും ഗുജറാത്തിൽ അത് കൂടുതൽ തനിമയോടെ നിലനിൽക്കുന്നു.

രാജ്‌കോട്ടിൽ റമസാൻ ആയാൽ വിശ്വാസികളുടെ എല്ലാത്തരം വ്യവഹാരങ്ങളിലും ധാർമികമായ ഒരു ചിട്ട കൈവന്നത് കാണാം. എല്ലാവരും സകാത്ത് നൽകും. ആരാധനകളിൽ സവിശേഷമായ ശ്രദ്ധ റമസാനിൽ ഗുജറാത്തികൾക്ക് ഉണ്ടാകും. നോമ്പ് തുറക്കാൻ പള്ളിയിൽ വന്നാൽ പലരും പിന്നെ പിരിഞ്ഞുപോകുക രാത്രി തറാവീഹും കഴിഞ്ഞാണ്. ഫർളായ നിസ്കാരങ്ങൾക്ക് പുറമെ സുന്നത്ത് നിസ്കാരങ്ങൾ എല്ലാം നിർവഹിക്കും. ഇശാഇനു ശേഷം നാല് റകഅത്ത്, തറാവീഹ്, വിത്‌റ്‌ പതിനൊന്നു റക്അത്ത് എന്നിവയെല്ലാം നിസ്കരിച്ചാണ് എല്ലാവരും പിരിഞ്ഞു പോകുക. ദീർഘമായ ഈ നിസ്കാരങ്ങൾ ആരിലും ക്ഷീണം വരുത്തില്ല. അല്ലാഹുവിന്റെ ആജ്ഞ അനുസരിച്ച് പുണ്യമാസത്തിൽ ചെയ്യുന്ന സുകൃതങ്ങൾ ആണല്ലോ അവയെന്ന ആഹ്ലാദം അവരെ പ്രചോദിപ്പിക്കുന്നു. ധാരാളം സൂഫി ദർഗകൾ ഉള്ള നാടാണ് ഗുജറാത്ത്. അവിടെയും സിയാറത്തുകളും നഅത് ആലാപനങ്ങളും റമസാനിൽ സജീവമായിരിക്കും.

അവസാന പത്തിൽ എല്ലാ പള്ളികളിലും ഇഅ്തികാഫിനു സൗകര്യമൊരുക്കും. ഒരു മഹല്ലിൽ ഒരാളെങ്കിലും ഇഅ്തികാഫ് ഇരിക്കൽ അനിവാര്യ ബാധ്യതയാണ് അവർക്ക്. എന്നാൽ, ഒരാളിൽ മാത്രം പരിമിതമാകാറില്ല. പൂർണമായി പള്ളിയിൽ ചെലവഴിക്കുന്നു. അവർക്കുള്ള നോമ്പ് തുറക്കും അത്താഴത്തിനും ഉള്ള ഭക്ഷണമെല്ലാം എത്തിക്കാൻ പള്ളി അധികൃതർ പ്രത്യേകം ശ്രദ്ധിക്കുന്നു. പലരും പെരുന്നാളും കഴിഞ്ഞാകും പള്ളിയിൽ നിന്ന് പുറത്തിറങ്ങുക. മുസ്‌ലിംകളുടെ കച്ചവട സ്ഥപനങ്ങളും രാത്രികളിൽ സജീവമായിരിക്കും.

സാധാരണ പത്തിന് അടയ്ക്കുന്ന കടകൾ പുലർച്ചെ വരെ നീണ്ടു പോകും. തീരാത്ത രാത്രികൾ ആണ് റമസാനിൽ ഗുജറാത്തികൾക്ക്. പതിനാല് വർഷമായി മിക്ക റമസാനും ഗുജറാത്തിലാണ്. റമസാന് വന്നാൽ സമഗ്രമായൊരു മാറ്റം നമുക്ക് ചുറ്റും സംഭവിക്കുന്നതായി അനുഭവിക്കാൻ പറ്റും. ആ ആത്മീയ മാറ്റത്തിന്റെ ഭാഗമാകുമ്പോൾ ശരീരത്തിനും അസാധാരണമായ ഒരു ഊർജം കൈവരുന്നു.

 

Latest