Connect with us

Malappuram

കേവല രാഷ്ട്രീയാധികാരത്തിനായുള്ള ശരീഅത്ത് വാദം ഇസ്‌ലാമിക വിരുദ്ധം: പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍

പിറന്ന നാടിന്റെ സംരക്ഷണം ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്. വിശ്വാസ ബാധ്യതാ നിര്‍വ്വഹണത്തിന്റെ ഭാഗമായി വൈദേശികാധിപത്യത്തിനെതിരെ പോരാടിയ സ്വാതന്ത്ര്യ സമര ഭടന്‍മാരെ സത്യ വിരുദ്ധമായ ആരോപണം നടത്തി അവഹേളിക്കുന്ന നടപടി ലജ്ജാകരം

Published

|

Last Updated

മഞ്ചേരി | കേവല രാഷ്ട്രിയാധികാരം നേടിയെടുക്കന്നതിനായുള്ള ശരീഅത്ത് വാദം ഇസ്ലാമിക വിരുദ്ധമാണെന്ന് പ്രമുഖ പണ്ഡിതനും സമസ്ത സെക്രട്ടറിയുമായ പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മനുഷ്യരാശിയുടെ ക്ഷേമവും പുരോഗതിയും ലക്ഷ്യമാക്കിയുള്ള ഇസ്‌ലാമിന്റെ രാഷ്ട്രിയ ഭരണ കാഴ്ചപ്പാടുകളെ തെറ്റായി വ്യാഖ്യാനിച്ച് ലോകത്ത് സംഘര്‍ഷം സൃഷ്ടിക്കുന്നവര്‍ക്ക് മതത്തിന്റെ പരിവേഷം നല്‍കുന്നത് ഒരിക്കലും നീതികരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി സോണ്‍ ഭാരവാഹികള്‍ക്കായി നടത്തിയ നേതൃ ശില്‍പശാല ഹികമിയ്യ ക്യാമ്പസില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇസ്‌ലാമിന്റെ പേരില്‍ മത രാഷ്ട്ര വാദത്തിന്റെ വക്താക്കളും ഉല്‍പ്പതിഷ്ണുക്കളുമായ അതി തീവ്ര സലഫികളേയും ജമാഅത്തെ ഇസ്‌ലാമിയയേയും എക്കാലവും തള്ളിപ്പറയുന്നതില്‍ മുന്‍പന്തിയിലായിരുന്നു സുന്നി ഉലമാക്കള്‍. താലിബാനടക്കമുള്ള തീവ്രാശയക്കാരുടെ വാദങ്ങള്‍ക്ക് ഇസ്‌ലാമിന്റെ പിന്‍ബലമില്ലെന്ന് മുഴുവനാളുകളും നന്നായി മനസിലാക്കണം. മതേതര വിശ്വാസികള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കേരളിയ മുസ്ലിം സമൂഹത്തെ എല്ലാത്തരം അപഭ്രംശങ്ങളില്‍ നിന്നും തടഞ്ഞുനിര്‍ത്തുന്നതില്‍ പണ്ഡിതന്‍മാരുടെയും സുന്നി സംഘടനകളുടെയും പങ്ക് ഏറെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

പിറന്ന നാടിന്റെ സംരക്ഷണം ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്. വിശ്വാസ ബാധ്യതാ നിര്‍വ്വഹണത്തിന്റെ ഭാഗമായി വൈദേശികാധിപത്യത്തിനെതിരെ പോരാടിയ സ്വാതന്ത്ര്യ സമര ഭടന്‍മാരെ സത്യ വിരുദ്ധമായ ആരോപണം നടത്തി അവഹേളിക്കുന്ന നടപടി ലജ്ജാകരമാണ്. രാജ്യത്തിനായി ജീവത്യാഗം ചെയ്തവരുടെ ദേശസ്‌നേഹം ചോദ്യം ചെയ്യുന്നതാണ് യഥാര്‍ത്ഥത്തിലുള്ള രാജ്യദ്രോഹം. ഇത്തരക്കാര്‍ക്കെതിരെ മുഴുവന്‍ മനുഷ്യരുടെയും ഐക്യ നിര ശക്തിപ്പെടുത്തി രാജ്യത്തെ വീണ്ടെടുക്കാന്‍ ഒരു മിച്ച് നില്‍ക്കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

കെ.കെ.എസ് തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. ജില്ല ഉപാദ്ധ്യക്ഷന്‍ സി.കെ.യു മൗലവി മോങ്ങം അധ്യക്ഷത വഹിച്ചു. പ്രസ്ഥാനം ചരിത്രം, വര്‍ത്തമാനം, സംഘാടനം, പരീശീലനം എന്നീ സെഷനുകള്‍ക്ക് വടശ്ശേരി ഹസന്‍ മുസ്ലിയാര്‍, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, എം.എന്‍ കുഞ്ഞുമുഹമ്മദ് ഹാജി, പി.എം മുസ്തഫ കോഡൂര്‍ , പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, കെ.പി. ജമാല്‍ കരുളായി നേതൃത്വം നല്‍കി.

സമാപന സംഗമം സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ ഫൈസി വണ്ടൂര്‍ ഉദ്ഘാടനം ചെയ്തു. വി.പി.എം ഇസ്ഹാഖ്, തജ്മല്‍ ഹുസൈന്‍, അബ്ദുല്‍ അസീസ് ഹാജി, അശ്‌റഫ് മുസ്ലിയാര്‍ കാരക്കുന്ന് പ്രസംഗിച്ചു. ജില്ലയിലെ കിഴക്കന്‍ മേഖലയിലെ 11 സോണുകളില്‍ നിന്നുള്ള ഭാരവാഹികളാണ് ശില്പശാലയില്‍ പങ്കെടുത്തത്.

വ്യാഴാഴ്ച വെട്ടിച്ചിറ മജ്മഇല്‍ പടിഞ്ഞാറല്‍ മേഖലയില്‍ നിന്നുള്ള പത്ത് സോണ്‍ നേതാക്കള്‍ക്കുള്ള പരീശീലനം നടക്കും. പി എസ് കെ ദാരിമി എടയൂരിന്റെ അധ്യക്ഷതയില്‍ സമസ്ത മുശാവറ അംഗം ചെറുശോല അബ്ദുല്‍ ജലീല്‍ സഖാഫി ഉദ്ഘാടനം ചെയ്യും. സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, ബശീര്‍ ഹാജി പടിക്കല്‍, മുഹമ്മദ് മുന്നിയൂര്‍ അലിയാര്‍ കക്കാട് പ്രസംഗിക്കും.

 

Latest