Connect with us

Story

വീതംവെപ്പ്

പഴങ്ങളാലും പൂക്കളാലും മുന്തിരിവള്ളികളാലും സ്വയം അലങ്കൃതമായിക്കൊണ്ടിരിക്കുന്ന തന്റെ സ്വർഗീയഭവനത്തിന്റെ കവാടങ്ങൾ അവൾക്കായി സ്വാഗതമോതി.

Published

|

Last Updated

സ്വർഗീയ ഉടയാടകളും സുഗന്ധദ്രവ്യങ്ങളുമായി മാലാഖമാരെത്തിയപ്പോഴാണ് തന്റെ പ്രിയതമയുടെ ആഗമനവാർത്ത അയാളറിയുന്നത്. നീണ്ട പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിന്റെ വിരാമം സന്തോഷമായി കണ്ണുകളിൽ പ്രകടമാകാൻ തുടങ്ങി. ഇനി മക്കളെയും പേരമക്കളെയും കാണാനുള്ള യാത്ര ഒറ്റക്കാവില്ല എന്ന ചിന്തയും ഏറെ സംതൃപ്തിയേകി. ഒരുപാട് കാര്യങ്ങൾ അവളിൽനിന്ന് നേരിട്ടറിയാനുള്ള ധൃതിയിൽ അയാൾ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

മാലാഖമാരുടെ അകമ്പടിയോടെ സുന്ദരിയായി പ്രിയതമയെത്തുന്നതും സങ്കൽപ്പിച്ച് സമയം തള്ളിനീക്കി. കുതിരക്കുളമ്പടി ശബ്ദം കേട്ട് പുറത്തേക്ക് ഓടിയെത്തിയപ്പോൾ തന്റെ സങ്കൽപ്പത്തിൽ കണ്ട അതേ രംഗമാണ് കണ്മുന്നിൽ കണ്ടത്. മംഗളഗീതങ്ങൾകൊപ്പം പുഞ്ചിരി തൂകി നിൽക്കുന്ന സഖിയെ കണ്ട് അവൾക്ക് നേരെ കൈനീട്ടി.

പഴങ്ങളാലും പൂക്കളാലും മുന്തിരിവള്ളികളാലും സ്വയം അലങ്കൃതമായിക്കൊണ്ടിരിക്കുന്ന തന്റെ സ്വർഗീയഭവനത്തിന്റെ കവാടങ്ങൾ അവൾക്കായി സ്വാഗതമോതി. കൈകവർന്ന് ആനയിക്കുമ്പോൾ കാതിൽ മന്ത്രിച്ചു, എങ്ങനെയായിരുന്നു ? ഒരു തളർച്ചയാണ് വന്നത് പിന്നെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും പണ്ട് അങ്ങയെ കുടിയിരുത്തിയ ആ ഹൃദയം നിശ്ചലമായിരുന്നു. ഇത്രയും പറഞ്ഞ് അവൾ അയാളെ നോക്കി വീണ്ടും പുഞ്ചിരിച്ചു. എല്ലാം അറിയുന്നുണ്ടെങ്കിലും പരലോകവിവരങ്ങളൊന്നും ഉറ്റവരിലെത്തിക്കാനുള്ള മാർഗമോ അധികാരമോ അവർക്കില്ലായിരുന്നു.

ജീവിക്കുന്നവർ മരണത്തെ ഭയപ്പെടുന്നതുകൊണ്ട് അവരുടെ വരവിനെ ആഗ്രഹിക്കാനും പാടില്ലത്രെ ! ഭൂമിയിൽ പാൽനിലാവുള്ള ഒരു രാത്രിയിൽ ഇരുവരും തങ്ങളുടെ വീടും മക്കളെയും പേരമക്കളെയും കാണാൻ യാത്ര തിരിച്ചു. വീട്ടുമുറ്റത്തെ മാവിൽ കുട്ടികൾ കെട്ടിയ ഊഞ്ഞാലിനടുത്ത് വന്ന് അകത്തേക്ക് ശ്രദ്ധിച്ചു.

വീടിനകത്ത് നിന്നും ഒച്ചവെച്ചുള്ള സംസാരങ്ങളും സ്ത്രീകളുടെ തേങ്ങലുകളും പുറത്തേക്ക് കേൾക്കുന്നു. “തന്ത നോക്കണമായിരുന്നു’ ആരുടെയോ ശബ്ദം വീണ്ടുമുയരുന്നു. കാര്യം പിടികിട്ടി; വീതംവെപ്പാണ്. തന്റെ പേരിലുള്ള പീടികമുറികളുടെയും സ്വത്തുക്കളുടെയും വീതംവെപ്പ്. കണ്ണുനീരില്ലാത്തതുകൊണ്ടാവാം കരയാൻ കഴിഞ്ഞില്ല. അവളുടെ കൈയിൽ മുറുകെപ്പിടിച്ച് മടക്കയാത്രക്കൊരുങ്ങി തങ്ങളുടെ ലോകത്തേക്ക്. ഇനിയൊരിക്കലും വരില്ല എന്ന പ്രതിജ്ഞയോടെ…