Connect with us

Uae

ലബനാനെ സഹായിക്കാന്‍ ഷാര്‍ജയിലും വന്‍ അവശ്യവസ്തു സമാഹരണം

സാധനങ്ങള്‍ പാക്ക് ചെയ്യുന്നതിനായി എക്സ്പോ സെന്ററില്‍ ശനിയാഴ്ച ജനം തടിച്ചുകൂടി. ടിന്‍ ഭക്ഷണങ്ങള്‍, പുതപ്പുകള്‍, അരി, ചായ, ഈന്തപ്പഴം, പഞ്ചസാര എന്നിവ ധാരാളമായെത്തി.

Published

|

Last Updated

ഷാര്‍ജ | ലബനാനില്‍ അഭയാര്‍ഥികളായവര്‍ക്ക് അവശ്യ സാധന സമാഹരണത്തിന് ഷാര്‍ജയിലും ഗംഭീര പ്രതികരണം. സാധനങ്ങള്‍ പാക്ക് ചെയ്യുന്നതിനായി എക്സ്പോ സെന്ററില്‍ ശനിയാഴ്ച ജനം തടിച്ചുകൂടി. ടിന്‍ ഭക്ഷണങ്ങള്‍, പുതപ്പുകള്‍, അരി, ചായ, ഈന്തപ്പഴം, പഞ്ചസാര എന്നിവ ധാരാളമായെത്തി. 10,000 പെട്ടി സാധനങ്ങള്‍ പാക്ക് ചെയ്തു.

സന്നദ്ധപ്രവര്‍ത്തകര്‍ അതിരാവിലെ തന്നെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ എത്തി. 3,000 സന്നദ്ധ പ്രവര്‍ത്തകര്‍ ഉദ്യമത്തെ പിന്തുണച്ചു. 250 ടണ്‍ സാധനങ്ങളാണ് സമാഹരിച്ചത്. ‘യു എ ഇ സ്റ്റാന്‍ഡ്‌സ് വിത്ത് ലബനാന്‍’ എന്ന് പേരിട്ടിരിക്കുന്ന ജനകീയ സംരംഭം രാവിലെ എട്ടിനാണ് ആരംഭിച്ചത്. എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ അവരുടെ പങ്ക് വഹിക്കാന്‍ കാത്തിരിക്കുകയായിരുന്നു.

യു എ ഇ ലബനാനൊപ്പം നില്‍ക്കുന്നുവെന്ന് ഷാര്‍ജ ചാരിറ്റി ഇന്റര്‍നാഷണലിന്റെ എക്സിക്യൂട്ടീവ് മാനേജര്‍ അബ്ദുല്ല സുല്‍ത്താന്‍ ബിന്‍ ഖാദിം പറഞ്ഞു. ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷനും ഷാര്‍ജ ചാരിറ്റി ഇന്റര്‍നാഷണലും മറ്റ് ഇമാറാത്തി ഹ്യുമാനിറ്റേറിയന്‍ സ്ഥാപനങ്ങളും ചാരിറ്റബിള്‍ അസോസിയേഷനുകളും ചേര്‍ന്ന് യു എ ഇ ‘ഇന്റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയന്‍ ആന്‍ഡ് ഫിലാന്ത്രോപിക് കൗണ്‍സിലിന്റെ’ മേല്‍നോട്ടത്തിലാണ് സഹായ സമാഹരണം സംഘടിപ്പിച്ചത്.

ഷാര്‍ജയിലെ പരിപാടിയും ദുബൈ എക്‌സ്‌പോ സിറ്റിയിലെ മറ്റൊരു പരിപാടിയും രണ്ടാം ഘട്ട സഹായ ശേഖരണത്തിലാണ്. ഒക്ടോബര്‍ 12, 13 തിയ്യതികളില്‍ അബൂദബിയിലും ദുബൈയിലും നടന്ന സമാന പരിപാടികളില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു. യുദ്ധം ബാധിച്ച ലബനാനിലെ ആളുകള്‍ക്കായി 450 ടണ്‍ സാധനങ്ങള്‍ പാക്ക് ചെയ്തു.

ഇതുവരെ, യു എ ഇ സ്റ്റാന്‍ഡ്‌സ് വിത്ത് ലബനാന്‍ സംരംഭം ആരംഭിച്ചതിന് ശേഷം 11 കോടി ദിര്‍ഹം (30 മില്യണ്‍ ഡോളര്‍) സമാഹരിച്ചു. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം ഒക്ടോബര്‍ എട്ടിന് ആരംഭിച്ച രണ്ടാഴ്ചത്തെ കാമ്പയിന്‍ ലബനാനോടുള്ള ഐക്യദാര്‍ഢ്യം കാണിക്കുന്നു. ഇസ്‌റാഈലിന്റെ വ്യോമാക്രമണവും അധിനിവേശവും 12 ലക്ഷത്തിലധികം ആളുകളെ അഭയാര്‍ഥികളാക്കി. ഏകദേശം 2,000 പേര്‍ കൊല്ലപ്പെട്ടു.

 

---- facebook comment plugin here -----

Latest