Uae
ഷാര്‍ജ അറബിക് കാവ്യോത്സവം തിങ്കളാഴ്ച തുടങ്ങും
ജനുവരി 12 വരെ നടക്കുന്ന ഉത്സവത്തില്‍ അറബ് ലോകത്തെയും നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളിലെയും 70 കവികളും സാഹിത്യ നിരൂപകരും മാധ്യമ പ്രവര്‍ത്തകരും പങ്കെടുക്കും.
ഷാര്‍ജ| ഷാര്‍ജ അറബിക് കാവ്യോത്സവം 21-ാമത് എഡിഷന്‍ തിങ്കളാഴ്ച തുടങ്ങും. ജനുവരി 12 വരെ നടക്കുന്ന ഉത്സവത്തില്‍ അറബ് ലോകത്തെയും നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളിലെയും 70 കവികളും സാഹിത്യ നിരൂപകരും മാധ്യമ പ്രവര്‍ത്തകരും പങ്കെടുക്കും. 21 പതിപ്പുകളിലായി ഷാര്‍ജ അറബിക് കവിതോത്സവം അറബ് സാഹിത്യത്തെ സമ്പന്നമാക്കുന്നതായി സാംസ്‌കാരിക വകുപ്പ് ചെയര്‍മാന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഉവൈസ് പറഞ്ഞു.
പഠനങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും അറബി കവിതയിലെ നിര്‍ണായക പ്രശ്നങ്ങളും വികാസങ്ങളും പര്യവേക്ഷണം ചെയ്യുന്ന സിമ്പോസിയവും ഫെസ്റ്റിവലില്‍ ഉള്‍പ്പെടും. ഷാര്‍ജ കള്‍ച്ചറല്‍ പാലസില്‍ ‘എ ഡെക്കേഡ് ഓഫ് ഗിവിംഗ്: ദി ഹൗസ്സ് ഓഫ് പോയട്രി’ എന്ന ഡോക്യുമെന്ററിയോടെയാണ് ഫെസ്റ്റിവല്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് തലാല്‍ അല്‍ ജുനൈബി (യു എ ഇ), ഹുസൈന്‍ അല്‍ അബ്ദുല്ല (സിറിയ), തലാല്‍ അല്‍ സാല്‍തി (ഒമാന്‍) എന്നിവരുടെ കവിതാ വായന നടക്കും. മൂന്നാമത് ഗോള്‍ഡന്‍ ഖവാഫി അവാര്‍ഡ് ജേതാക്കളെയും ഫെസ്റ്റിവലില്‍ ആദരിക്കും.