Uae
ഷാര്‍ജ ബുക്ക് സെല്ലേഴ്സ് കോണ്‍ഫറന്‍സ് നാളെ തുടങ്ങും
ഷാര്‍ജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന പരിപാടി ആഗോളതലത്തില്‍ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യ പരിപാടിയാണിത്.

ഷാര്‍ജ | നാലാമത് അന്താരാഷ്ട്ര പുസ്തക വില്‍പനക്കാരുടെ സമ്മേളനം നാളെയും മറ്റന്നാളും ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കും. ഷാര്‍ജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന പരിപാടി ആഗോളതലത്തില്‍ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യ പരിപാടിയാണിത്.
94 രാജ്യങ്ങളില്‍ നിന്നുള്ള 661 പ്രമുഖ പുസ്തക വില്‍പനക്കാരെ ഒരുമിച്ചുകൊണ്ടുവരുന്നതാണ് സമ്മേളനം. ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ശൈഖ ബുദൂര്‍ അല്‍ ഖാസിമി ഉദ്ഘാടന പ്രഭാഷണം നടത്തും.
ഉദ്ഘാടന ദിവസം ഇറ്റലിയിലെ മെസാഗറി ലിബ്രിയുടെ സി ഇ ഒ. റെനാറ്റോ സാല്‍വെറ്റിയും പബ്ലിഷിംഗ് പെര്‍സ്പെക്റ്റീവ്സിന്റെ ചീഫ് എഡിറ്റര്‍ പോര്‍ട്ടര്‍ ആന്‍ഡേഴ്‌സണും പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ച നടക്കും. തുടര്‍ന്ന് റൊമാനിയയിലെ പ്രമുഖ പുസ്തകശാല ശൃംഖലയായ കാര്‍ട്ടുറെസ്റ്റിയുടെ സഹസ്ഥാപകരായ സെര്‍ബാന്‍ റാഡുവും നിക്കോലെറ്റ ജോര്‍ദാനും പങ്കെടുക്കുന്ന സെഷനും ഉണ്ടാകും. വ്യവസായ വിദഗ്ധര്‍ നയിക്കുന്ന വൈവിധ്യമാര്‍ന്ന പാനല്‍ ചര്‍ച്ചകള്‍, വര്‍ക്ക്ഷോപ്പുകള്‍, മുഖ്യ പ്രഭാഷണങ്ങള്‍ എന്നിവയുമുണ്ടാകും.