Uae
ഷാർജ കുട്ടികളുടെ വായനോത്സവം നാളെ തുടങ്ങും
അറബ്, രാജ്യാന്തര എഴുത്തുകാരും ചിന്തകരും ഉൾപ്പെടെ 50-ലധികം പ്രഗത്ഭർ നയിക്കുന്ന 50-ലധികം ശിൽപ്പശാലകളുണ്ടാകും.

ഷാർജ| ഷാർജ കുട്ടികളുടെ വായനോത്സവം എക്‌സ്‌പോ സെന്ററിൽ നാളെ ആരംഭിക്കും. അറബ്, രാജ്യാന്തര എഴുത്തുകാരും ചിന്തകരും ഉൾപ്പെടെ 50-ലധികം പ്രഗത്ഭർ നയിക്കുന്ന 50-ലധികം ശിൽപ്പശാലകളുണ്ടാകും. ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന 16-ാമത് ഫെസ്റ്റിവൽ ഏപ്രിൽ 23 മുതൽ മെയ് നാല് വരെ “പുസ്തകങ്ങളിലേക്ക് മുങ്ങുക’ എന്ന സന്ദേശത്തിലാണ് നടക്കുക. ഏപ്രിൽ 23 ബുധനാഴ്ച കൾച്ചർ ഫോറത്തിൽ രണ്ട് സെഷനുകളോടെ ആരംഭിക്കും. “നിർമിത ബുദ്ധിയും പുതിയ എഴുത്തുകാരുടെ ഉദയവും’ എന്ന് പേരിട്ടിരിക്കുന്ന ആദ്യ സെഷനിൽ ഡോ. സുമയ അൽ മദീദ്, അസ്മ സെയ്നൽ, താലിബ് ഗുലൂം എന്നിവർ പങ്കെടുക്കും.
“വലിയ ആശയങ്ങൾ ലളിതമാക്കൽ’ എന്ന രണ്ടാമത്തെ സെഷനിൽ ലിൻഡ ബൂത്ത് സ്വീനി, ഫാത്തിമ അൽ മസ്്റൂഇ എന്നിവർ പങ്കെടുക്കും. ഏപ്രിൽ 24 വ്യാഴാഴ്ച എഴുത്തുകാരിയും കാർട്ടൂണിസ്റ്റുമായ സ്റ്റീഫൻ പാസ്തിസുമായി മുഖാമുഖം. കൾച്ചർ ഫോറത്തിൽ ഷെയ്ൻ ലീ, അമൽ അൽ ഹങ്കാരി, ഇമാൻ അൽ യൂസഫ് എന്നിവർ അവതരിപ്പിക്കുന്ന “ലിറ്റിൽ മൈൻഡ്‌സ് ബിഗ് ഡ്രീംസ്’ എന്ന സെമിനാറും, റാഹത്ത് കഡൗജി, ബരാ അൽ അവാർ, ഡോ. അബ്ദുള്ള അൽ ശർഹാൻ എന്നിവർ പങ്കെടുക്കുന്ന “ബിൽഡിംഗ് ദി ആഖ്യാനം: ദി എസെൻഷ്യൽ റോൾ ഓഫ് പിക്ചർ ബുക്‌സ്’ എന്ന സെമിനാറും ഈ ദിവസം നടക്കും.
ഏപ്രിൽ 25 വെള്ളിയാഴ്ച, കോളിൻ നീൽസൺ, സമീന മിശ്ര, ഡോ. അഹ്്ലം നുയ്്വാർ, നാദിയ അൽ നജ്ജാർ എന്നിവർ അവതരിപ്പിക്കുന്ന “നിങ്ങളുടെ കൊച്ചു വായനക്കാർക്ക് ശരിയായ പുസ്തകം തിരഞ്ഞെടുക്കൽ’ എന്ന സെമിനാറും കൾച്ചർ ഫോറം സംഘടിപ്പിക്കും. “ക്ഷേമത്തിനായുള്ള എഴുത്ത്’ എന്ന പാനൽ ചർച്ചയിൽ കരീന പട്ടേൽ സേജ്, ഖലഫ് അഹ്്മദ് ഖലഫ് എന്നിവരും പങ്കെടുക്കും.