Uae
ഷാർജ പൈതൃക ദിനങ്ങൾ ഫെബ്രുവരി 12 മുതൽ
"വേരുകൾ' എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ പതിപ്പ്.
ഷാർജ | ഷാർജ ഹെറിറ്റേജ് ഡെയ്സ് ഫെബ്രുവരി 12 മുതൽ 23 വരെ നടക്കുമെന്ന് ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി 23 വരെ നടക്കുന്ന 22-ാം പതിപ്പിൽ ഇമാറാത്തി പൈതൃകത്തിന്റെ ആധികാരികത ഉയർത്തിക്കാട്ടുകയും ഭൂതകാലത്തെയും വർത്തമാനത്തെയും ബന്ധിപ്പിക്കുന്ന സാംസ്കാരിക ചരിത്രപര ബന്ധങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുന്ന നിരവധി പരിപാടികൾ നടക്കും. “വേരുകൾ’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ പതിപ്പ്.
ഷാർജ സിറ്റിയിൽ ആരംഭിച്ച് ഖോർഫക്കാൻ, മലീഹ, ഹംരിയ, അൽ ദൈദ്, കൽബ, ദിബ്ബ അൽ ഹിസ്ൻ എന്നിങ്ങനെ എമിറേറ്റിലെ ഏഴ് നഗരങ്ങളിൽ ആഘോഷങ്ങൾ ഉണ്ടാവുമെന്ന് ചെയർമാൻ ഡോ. അബ്ദുൽ അസീസ് അൽ മുസല്ലം പറഞ്ഞു.
നാടോടി സംഘങ്ങളുടെയും കരകൗശല വിദഗ്ധരുടെയും പങ്കാളിത്തത്തിലൂടെ സന്ദർശകർക്ക് കൂടുതൽ ആഴത്തിലുള്ളതും സംവേദനാത്മകവുമായ അനുഭവം നൽകാനാണ് ഈ പതിപ്പ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ജി സി സി രാജ്യങ്ങൾ, മൊറോക്കോ, ഫലസ്തീൻ, ഇറാഖ്, ഈജിപ്ത്, സിറിയ, ചൈന, റഷ്യ, ജർമനി, ഫ്രാൻസ്, ജോർജിയ, നെതർലാൻഡ്സ് എന്നിവയുൾപ്പെടെ 26-ലധികം രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തം ഈ വർഷമുണ്ടാകും.
വിവിധ മന്ത്രാലയങ്ങൾ, പൈതൃക സംഘടനകൾ, യുനെസ്കോ, ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് ഫോക്ക് ആർട്ട് എന്നിവയുൾപ്പെടെ 30-ലധികം സർക്കാർ, അക്കാദമിക്, സാംസ്കാരിക സ്ഥാപനങ്ങൾ പങ്കെടുക്കും.1925-ൽ സ്ഥാപിതമായ ഷാർജയിലെ ആദ്യത്തെ ലൈബ്രറി ആരംഭിച്ചത്തിന്റെ ഭാഗമായുള്ള “അൽ സൂർ സ്ക്വയർ’ ഈ വർഷത്തെ പ്രത്യേകതയാണ്.