Uae
ഷാര്‍ജ രാജ്യാന്തര പുസ്തകമേളക്ക് 200-ലധികം രാജ്യങ്ങളില്‍ നിന്ന് 18.2 ലക്ഷം സന്ദര്‍ശകര്‍
'ഇറ്റ് സ്റ്റാര്‍ട്ട്സ് വിത്ത് എ ബുക്ക്' എന്ന പ്രമേയത്തില്‍ നടന്ന പരിപാടിയില്‍ 108 രാജ്യങ്ങളില്‍ നിന്ന് 2500-ലധികം പ്രസാധകര്‍ പവലിയന്‍ ഒരുക്കി.
ഷാര്‍ജ| ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ 200-ലധികം രാജ്യങ്ങളില്‍ നിന്ന് 18.2 ലക്ഷം സന്ദര്‍ശകരെത്തിയതായി ബുക്ക് അതോറിറ്റി സി ഇ ഒ അഹ്മദ് റക്കദ് അല്‍ ആമിരി. 43-ാമത് പുസ്തകമേളക്ക് ഉജ്വല പരിസമാപ്തിയാണ് ഉണ്ടായത്. അഭിവൃദ്ധി പ്രാപിക്കുന്ന ഒരു സാംസ്‌കാരിക ആവാസവ്യവസ്ഥയായി പുസ്തകമേള മാറി. യു എ ഇ, ഇന്ത്യ, സിറിയ, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് സന്ദര്‍ശകരുടെ പട്ടികയില്‍ മുന്നില്‍. 25-44 പ്രായമുള്ള സന്ദര്‍ശകരാണ് ഏറ്റവും വലിയ ഘടകം. 63 ശതമാനം പേര്‍ ഈ പ്രായക്കാരായിരുന്നു. രാജ്യത്തെ സ്‌കൂളുകളില്‍ നിന്നായി 1,35,000 വിദ്യാര്‍ഥികളെത്തി.
‘ഇറ്റ് സ്റ്റാര്‍ട്ട്സ് വിത്ത് എ ബുക്ക്’ എന്ന പ്രമേയത്തില്‍ നടന്ന പരിപാടിയില്‍ 108 രാജ്യങ്ങളില്‍ നിന്ന് 2500-ലധികം പ്രസാധകര്‍ പവലിയന്‍ ഒരുക്കി. സന്ദര്‍ശനത്തിനെത്തിയവരില്‍ 25 മുതല്‍ 34 വരെ പ്രായമുള്ളവര്‍ 31.67 ശതമാനം. 18 മുതല്‍ 24 വരെ പ്രായമുള്ളവര്‍ 13.7 ശതമാനം. സന്ദര്‍ശകരില്‍ 53.66 ശതമാനം പുരുഷന്മാരും 46.36 ശതമാനം സ്ത്രീകളുമാണ്. കൂടാതെ, യുവതലമുറകള്‍ക്കിടയില്‍ വായനാ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതില്‍ മേള വിജയിച്ചതായി പ്രദര്‍ശനം പ്രതിഫലിപ്പിക്കുന്നൂ. ബുക്ക് സൈനിംഗ് കോര്‍ണറില്‍ 1,000ലധികം എഴുത്തുകാര്‍ അവരുടെ ഏറ്റവും പുതിയ കൃതികള്‍ അനാച്ഛാദനം ചെയ്തു.
സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് അദ്ദേഹം നന്ദി പറഞ്ഞു. പൊതു, സര്‍ക്കാര്‍ ലൈബ്രറികളെ സമ്പന്നമാക്കുന്നതിന് 45 ലക്ഷം ദിര്‍ഹം അനുവദിക്കുകയും ചെയ്തു. അള്‍ജീരിയന്‍ എഴുത്തുകാരി അഹ്ലം മോസ്റ്റെഘനേമിയെ അറബിക് സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ക്ക് ഈ വര്‍ഷത്തെ സാംസ്‌കാരിക വ്യക്തിത്വമായി മേള തിരഞ്ഞെടുത്തുവെന്നും അദ്ദേഹം അറിയിച്ചു.