sharjah book fair
ഷാർജ രാജ്യാന്തര പുസ്തകമേള നവംബർ രണ്ട് മുതൽ
"വാക്ക് പ്രചരിപ്പിക്കുക' പ്രമേയം
ഷാർജ | ഷാർജ രാജ്യാന്തര പുസ്തകമേള നവംബർ രണ്ടിന് ആരംഭിക്കുമെന്ന് ബുക്ക് അതോറിറ്റി ചെയർമാൻ അഹ്മദ് ബിൻ റക്കദ് അൽ ആമിരി അറിയിച്ചു. “വാക്ക് പ്രചരിപ്പിക്കുക’ എന്നതാണ് ഇത്തവണത്തെ പ്രമേയം. പുസ്തകമേളയുടെ 41-ാമത് വാർഷികമാണിത്. ഷാർജ എക്‌സ്‌പോ സെന്ററിൽ നവംബർ 13 വരെ നീണ്ടു നിൽക്കും.
“സ്‌പ്രെഡ് ദി വേഡ്’ എന്ന പ്രമേയത്തിൽ, എമിറേറ്റിന്റെ സാംസ്‌കാരിക പദ്ധതികളെ ഉയർത്തിക്കാട്ടും. എഴുതപ്പെട്ട വാക്കിന്റെ ശക്തിയെക്കുറിച്ച് ചർച്ച നടക്കും. ശോഭനവും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിൽ അതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണങ്ങളുണ്ടാകും. സമൂഹത്തിൽ സുസ്ഥിരതയുടെ അവബോധം ഉയർത്തുന്നതിനുള്ള എസ് ബി എയുടെ നിലവിലുള്ള ദൗത്യത്തെ ഈ സാംസ്‌കാരിക മാമാങ്കം മുന്നോട്ടുകൊണ്ടുപോകും. ഇറ്റലിയാണ് അതിഥി രാജ്യം.
“ലോകമെമ്പാടുമുള്ള നൂറുകണക്കിന് വിശിഷ്ടരായ എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും പങ്കാളിത്തത്തോടെ ഊർജസ്വലമായ സാംസ്‌കാരിക പരിപാടിക്കാണ് നേതൃത്വം നൽകുന്നത്. സാംസ്‌കാരിക വൈവിധ്യത്തെ മാനിക്കുന്നതിൽ വാക്കുകൾക്ക് എന്ത് ചെയ്യാനാകുമെന്ന് അന്വേഷിക്കേണ്ടതുണ്ട്. യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ജ്ഞാനപൂർവ വീക്ഷണത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധത പുതുക്കുന്ന അവസരം കൂടിയാണിത്. പുസ്തകങ്ങളുടെ യഥാർഥമൂല്യവും രാഷ്ട്രത്തിന്റെ വികസന യാത്രകളിൽ അതിന്റെ രൂപവത്കരണ പങ്കും ഷാർജ മനസ്സിലാക്കുന്നു. നാഗരികതകൾ കെട്ടിപ്പടുക്കുന്നതിലും മനുഷ്യാവബോധത്തിൽ പ്രകടമായ സ്വാധീനം ചെലുത്തുന്നതിലും രചയിതാക്കളുടെയും സർഗാത്മകതയുടെയും ബുദ്ധിജീവികളുടെയും സ്വാധീനവും ഇത് ഉറപ്പിക്കുന്നു. പുസ്തകങ്ങൾ സമ്പദ്ഘടനയുടെ എൻജിനുകളാണ്. മാറ്റത്തിന്റെ നിർമാതാക്കളും വികസന വഴിയുമാണ്. അവയില്ലാതെ അറിവിലോ ശാസ്ത്രത്തിലോ നിക്ഷേപത്തിലോ ഒരു നേട്ടവും കൈവരിക്കാനാവില്ല.’ ആമിരി ചൂണ്ടിക്കാട്ടി.
---- facebook comment plugin here -----