Connect with us

Uae

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള: ഫലസ്തീന്‍, സുഡാന്‍, ലബനാന്‍ പ്രസാധകരില്‍ നിന്ന് ഫീസ് ഈടാക്കില്ല

അറബ് പ്രസിദ്ധീകരണത്തിന്റെ പ്രധാന തലസ്ഥാനങ്ങളായി കണക്കാക്കപ്പെടുന്ന സുഡാനിലും ലബനാനിലും പ്രസാധകര്‍ ബുദ്ധിമുട്ടുകളും വെല്ലുവിളികളും നേരിടുകയാണ്.

Published

|

Last Updated

ഷാര്‍ജ | നവംബര്‍ ആറിന് ആരംഭിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ ഫലസ്തീന്‍, സുഡാന്‍, ലബനാന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകരില്‍ നിന്ന് ഫീസ് ഈടാക്കേണ്ടതില്ലെന്ന് ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര്‍ദേശം നല്‍കി. ഇത് നടപ്പാക്കുമെന്ന് ബുക്ക് അതോറിറ്റി (എസ് ബി എ) ചെയര്‍പേഴ്‌സണ്‍ ശൈഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി അറിയിച്ചു.

ഭരണാധികാരിയുടെ നിര്‍ദേശം അറബ് പ്രസാധകരുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഭാവി തലമുറയ്ക്കായി പ്രദേശത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിനുമുള്ള കാഴ്ചപ്പാടുമായി യോജിക്കുന്നു. ഭരണാധികാരിയുടെ പ്രതിജ്ഞാബദ്ധതയെയും നിരന്തര പിന്തുണയെയും പ്രതിഫലിപ്പിക്കുന്നു.

ലോകമെമ്പാടും അറബ് ഭാഷ, സാഹിത്യം, സംസ്‌കാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എന്‍ജിനാണ് ഷാര്‍ജ. മേഖലയിലെ അറബ് പ്രസാധകര്‍ അഭൂതപൂര്‍വമായ വെല്ലുവിളികള്‍ നേരിടുന്നു. കഴിഞ്ഞ വര്‍ഷം വ്യവസായം നേരിട്ട കനത്ത ആഘാതം ലഘൂകരിക്കാന്‍ അടിയന്തരവും നിര്‍ണായകവുമായ ശ്രമം ആവശ്യമാണെന്നും ശൈഖ ബുദൂര്‍ പറഞ്ഞു. അറബ് സംസ്‌കാരത്തിന്റെ ഭാവി, പ്രസിദ്ധീകരണ മേഖലയുടെ ശക്തി, കാര്യക്ഷമത, പ്രതിരോധശേഷി എന്നിവയാല്‍ നേരിട്ട് രൂപപ്പെട്ടതാണ്.

ഫലസ്തീന്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഗസയില്‍ 76 സാംസ്‌കാരിക കേന്ദ്രങ്ങള്‍, മൂന്ന് തിയേറ്ററുകള്‍, അഞ്ച് മ്യൂസിയങ്ങള്‍, 15 പ്രസാധനശാലകള്‍, പുസ്തകശാലകള്‍, 80 പബ്ലിക് ലൈബ്രറികള്‍ എന്നിവ നേരിട്ടുള്ള ആക്രമണങ്ങള്‍ മൂലം ഭാഗികമായോ പൂര്‍ണമായോ നശിച്ചിട്ടുണ്ട്. സമാനമായ നാശനഷ്ടങ്ങള്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ പ്രസിദ്ധീകരണശാലകള്‍, ലൈബ്രറികള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവക്കുമുണ്ട്.

അറബ് പ്രസിദ്ധീകരണത്തിന്റെ പ്രധാന തലസ്ഥാനങ്ങളായി കണക്കാക്കപ്പെടുന്ന സുഡാനിലും ലബനാനിലും പ്രസാധകര്‍ ബുദ്ധിമുട്ടുകളും വെല്ലുവിളികളും നേരിടുകയാണ്. സ്വതന്ത്രമായി സഞ്ചരിക്കാനോ അവശ്യ പ്രസിദ്ധീകരണ സാമഗ്രികള്‍ ശേഖരിക്കാനോ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താനോ പ്രയാസമാകുന്ന രീതിയില്‍ അവര്‍ ഗുരുതര പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്.