Connect with us

Uae

ഗസ്സയിലെ അനാഥ കുട്ടികൾക്കായി ഷാർജ ക്യാമ്പയിൻ ആരംഭിച്ചു

മാതാപിതാക്കളെ നഷ്ടപ്പെട്ടതിനെത്തുടർന്ന് ഗുരുതരമായ മാനുഷിക പ്രതിസന്ധി നേരിടുന്ന ഗസ്സയിലെ 20,000-ത്തിലധികം അനാഥരായ കുട്ടികൾക്ക് സമഗ്രമായ പരിചരണവും പിന്തുണയും നൽകാനാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.

Published

|

Last Updated

ഷാർജ | ഗസ്സയിലെ അനാഥ കുട്ടികൾക്കായി ഷാർജ ആസ്ഥാനമായ ദി ബിഗ് ഹാർട്ട് ഫൗണ്ടേഷൻ മാനുഷിക കാമ്പയിൻ ആരംഭിച്ചു. “ഗസ്സക്കായി’ എന്ന പേരിലുള്ള ക്യാമ്പയിൻ വിശുദ്ധ റമസാനിൽ സംഭാവനകൾ ശേഖരിക്കുകയും ഫലസ്തീനിലെ തആവൂൻ ഫൗണ്ടേഷനുമായി സഹകരിച്ച് യുദ്ധബാധിതരായ കുട്ടികളെ രക്ഷിക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യും. ഷാർജ ഭരണാധികാരിയുടെ പത്‌നിയും ദി ബിഗ് ഹാർട്ട് ഫൗണ്ടേഷന്റെ ചെയർപേഴ്സണുമായ ശൈഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയാണ് പദ്ധതി പ്രഖ്യാപിച്ചത്.

കാരുണ്യം നാശത്തെ ജയിക്കുന്നുവെന്നും ലോകത്തെവിടെയും കുട്ടികളെ കഷ്ടപ്പാടുകളിൽ ഉപേക്ഷിക്കാൻ നാം വിസമ്മതിക്കുന്നുവെന്നും അവർ പറഞ്ഞു.മാതാപിതാക്കളെ നഷ്ടപ്പെട്ടതിനെത്തുടർന്ന് ഗുരുതരമായ മാനുഷിക പ്രതിസന്ധി നേരിടുന്ന ഗസ്സയിലെ 20,000-ത്തിലധികം അനാഥരായ കുട്ടികൾക്ക് സമഗ്രമായ പരിചരണവും പിന്തുണയും നൽകാനാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. 18 വയസ്സ് വരെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, മാനസിക പിന്തുണ, ശരിയായ പോഷകാഹാരം, സുരക്ഷിതമായ പാർപ്പിടം എന്നിവ ഈ സംരംഭം ഉറപ്പാക്കുന്നു.

ഇതിലേക്ക് ദാതാക്കൾക്ക് എത്ര തുകയും സംഭാവന ചെയ്യാം. 625 ദിർഹമാണ് ഒരു അനാഥയെ ഒരു മാസത്തേക്ക് സ്‌പോൺസർ ചെയ്യുന്നതിനുള്ള തുക. വിവിധ പേയ്മെന്റുകൾ ചാനലുകൾ വഴിയും, ടി ബി എച്ച് എഫിന്റെ ആസ്ഥാനത്ത് പണമായും സംഭാവനകൾ നൽകാം.

Latest