Uae
ഷാർജ; അൽ ദൈദിലും പാർക്കിംഗ് ഫീസ് വരുന്നു
അടുത്ത വർഷം ആരംഭം മുതൽ രാവിലെ എട്ട് മുതൽ രാത്രി പത്ത് വരെ പൊതു പാർക്കിംഗ് സംവിധാനത്തിൽ പണം നൽകണം.
ഷാർജ | അടുത്ത ജനുവരി ഒന്ന് മുതൽ അൽ ദൈദ് സിറ്റിയിൽ പൊതു പാർക്കിംഗിന് പണം ഈടാക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. പാർക്കിംഗ് സ്ഥലങ്ങളുടെ ദുരുപയോഗം കുറക്കുന്നതിനും നഗരത്തിന്റെ സൗന്ദര്യാത്മക രൂപം വർധിപ്പിക്കുന്നതിനുമാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് അൽ ദൈദ് സിറ്റി മുനിസിപ്പാലിറ്റി ഡയറക്ടർ ഹമദ് റാശിദ് അൽ തുനൈജി പറഞ്ഞു.
ഷാർജ സിറ്റി മുനിസിപ്പാലിറ്റിയുടെയും അൽ ദൈദ് സിറ്റി മുനിസിപ്പാലിറ്റിയുടെയും സംയുക്ത ടാസ്‌ക് ഫോഴ്സ് പബ്ലിക് പാർക്കിംഗ് ഫീസിന് വിധേയമാക്കുന്നതിനുള്ള എല്ലാ ആവശ്യകതകളും നടപ്പിലാക്കുന്നതിൽ ഏകോപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈറ്റുകളെക്കുറിച്ചുള്ള പഠനം, ആവശ്യമായ അനുമതികൾ നേടൽ, പൊതുജനങ്ങളെ അറിയിക്കൽ എന്നിവ പൂർത്തിയായി.
അടുത്ത വർഷം ആരംഭം മുതൽ രാവിലെ എട്ട് മുതൽ രാത്രി പത്ത് വരെ പൊതു പാർക്കിംഗ് സംവിധാനത്തിൽ പണം നൽകണം. വെള്ളിയാഴ്ചകളിൽ സൗജന്യമായിരിക്കും. നീല ചിഹ്നങ്ങളാൽ അടയാളപ്പെടുത്തിയ പാർക്കിംഗ് സോണുകളിൽ, എല്ലാ ദിവസവും പാർക്കിംഗിന് പണം ഈടാക്കും. ഷാർജ സിറ്റി മുനിസിപ്പാലിറ്റിയുടെയും അൽ ദൈദ് സിറ്റി മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ എല്ലാ മേഖലകളിലും സർവേ നടത്തിയതിന് ശേഷം അൽ ദൈദ് നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ 1,900 പാർക്കിംഗ് സ്ഥലങ്ങൾ പണം നൽകുന്നതിനായി അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
വിവിധ മേഖലകളിൽ 161 ചെറിയ അടയാളങ്ങൾ സ്ഥാപിച്ചു. പണമടക്കാനുള്ള 19 ഉപകരണങ്ങളും സ്ഥാപിച്ചു. എസ് എം എസ് സേവനം, ഷാർജ ഡിജിറ്റൽ ആപ്ലിക്കേഷൻ, മവാഖിഫ് ആപ്ലിക്കേഷൻ, പ്രീപെയ്ഡ് കാർഡുകൾ എന്നിവയുൾപ്പെടെ മറ്റ് പേയ്മെന്റ് രീതികൾ ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.നിയമലംഘനങ്ങളും ദുരുപയോഗവും നിരീക്ഷിക്കാൻ ഡിജിറ്റൽ സർവേ വാഹനങ്ങൾ ഉപയോഗിച്ച് പരിശോധനാ പ്രവർത്തനങ്ങൾ നടത്തും.