Uae
ഷാര്‍ജ പ്രസാധക സമ്മേളനം ഇന്ന് തുടങ്ങും
108 രാജ്യങ്ങളില്‍ നിന്നുള്ള 1,065 പ്രസിദ്ധീകരണ വ്യവസായ പ്രൊഫഷണലുകള്‍ പങ്കെടുക്കും.
ഷാര്‍ജ | ഷാര്‍ജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന 14-ാമത് ഷാര്‍ജ പ്രസാധക സമ്മേളനം ഇന്ന് മുതല്‍ മൂന്ന് ദിവസങ്ങളിലായി എക്‌സ്‌പോ സെന്ററില്‍ നടക്കും. ആഗോള പ്രസിദ്ധീകരണ വ്യവസായവുമായി ബന്ധപ്പെട്ട് സുപ്രധാന സമ്മേളനമായ പബ്ലിഷേഴ്സ് കോണ്‍ഫറന്‍സ്, പ്രൊഫഷണലുകളെയും വിദഗ്ധരെയും ചിന്താ നേതാക്കളെയും ഒരുമിച്ച് കൊണ്ടുവരുന്നു. ഈ മേഖലയിലെ ട്രെന്‍ഡുകള്‍, വെല്ലുവിളികള്‍, പുതുമകള്‍ എന്നിവ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യും.
108 രാജ്യങ്ങളില്‍ നിന്നുള്ള 1,065 പ്രസിദ്ധീകരണ വ്യവസായ പ്രൊഫഷണലുകള്‍ പങ്കെടുക്കും. മൂന്ന് ദിവസങ്ങളിലായി പ്രശസ്ത പ്രഭാഷകരുടെയും വിദഗ്ധരുടെയും നേതൃത്വത്തില്‍ 30 വട്ടമേശ ചര്‍ച്ചകള്‍ നടക്കും. ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ശൈഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി ഉദ്ഘാടനം നിര്‍വഹിക്കും.
ഷാര്‍ജ റൈറ്റ്സ് കണക്ഷന്‍ അവാര്‍ഡുകളുടെ മൂന്നാം പതിപ്പിലെ വിജയികളെ ആദ്യ ദിവസത്തെ ചടങ്ങില്‍ പ്രഖ്യാപിക്കും. വിവിധ വിഭാഗങ്ങളിലായി വിജയികള്‍ക്ക് ഓരോരുത്തര്‍ക്കും 2,500 ഡോളര്‍ സമ്മാനമായി ലഭിക്കും. പബ്ലിഷറുമായി സഹകരിച്ച് വിസ (മെന റീജ്യണ്‍) യുടെ പ്രോഗ്രാമായ ‘ഷീ ഈസ് നെക്സ്റ്റ് ഇന്‍ പബ്ലിഷിംഗ്’ സംരംഭത്തിന്റെ വിജയികളുടെ പ്രഖ്യാപനവും കോണ്‍ഫറന്‍സില്‍ നടക്കും. വിജയിക്ക് അവരുടെ ബിസിനസ്സിന്റെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനായി 50,000 ഡോളര്‍ ക്യാഷ് പ്രൈസും ഷാര്‍ജ പബ്ലിഷിംഗ് സിറ്റി ലൈസന്‍സും ലഭിക്കും.
ഉള്ളടക്ക വിപണനം, ഓഡിയോ ബുക്ക് നിര്‍മാണം, എ ഐ ആപ്ലിക്കേഷനുകള്‍, ഡിജിറ്റല്‍ വിതരണ തന്ത്രങ്ങള്‍, സുസ്ഥിരത തുടങ്ങിയ പ്രധാന വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.