Achievements
ഷാര്‍ജ ഖാസിമിയ യൂനിവേഴ്‌സിറ്റി: അറബി സാഹിത്യത്തില്‍ ഒന്നാം റാങ്ക് അഹ്‌മദ് മുഷ്‌താഖിന്
അബൂദബി | പഠന മികവില്‍ ഒന്നാം റാങ്ക് കൈപിടിയിലൊതുക്കി മലയാളി വിദ്യാർഥി. കാസർകോട് ജാമിഅ സഅദിയ അറബിയ യതീഖാന പൂര്‍വ വിദ്യാര്‍ഥിയായ അഹമ്മദ് മുഷ്‌താഖാണ് ഷാര്‍ജ അല്‍ ഖാസിമിയ്യ യൂനിവേഴ്‌സിറ്റിയില്‍ നിന്നും അറബിക് സാഹിത്യത്തില്‍ ഒന്നാം റാങ്ക് നേടി സഅദിയക്കും കേരളത്തിനും അഭിമാനമായി മാറിയത്.
അനാഥത്വത്തിന്റെ വേദന അറിയാതെ സനാഥരായി സഅദിയ്യയില്‍ വളര്‍ന്ന മുഷ്‌താഖും സഹോദരങ്ങളും ചെറുപ്രായത്തില്‍ തന്നെ പഠന രംഗത്ത മികവ് തെളിയിച്ചിരുന്നു. അബൂദബിയില്‍ വെച്ച് ആകസ്മികമായി മരണപെട്ട പിതാവ് കര്‍ന്നൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ അനാഥമക്കളെ നൂറുല്‍ ഉലമാ എം എ ഉസ്താദിന്റെ പ്രത്യേക നിര്‍ദേശപ്രകാരം സഅദിയ്യ ഏറ്റെടുക്കുകയായിന്നു.
ഓള്‍ ഇന്ത്യ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്‌റസ തലത്തില്‍ സംഘടിപ്പിച്ച പൊതുപരീക്ഷയില്‍ കേരളത്തില്‍ അഞ്ചിലും ഏഴിലും ഒന്നാം റാങ്ക് കരസ്ഥമാക്കിയ മുഷ്‌താഖ് നാട്ടിലെ മികവ് ഷാര്‍ജയിലും ആവര്‍ത്തിക്കുകയായിരുന്നു.
സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസവും പ്ലസ് ടു കഴിഞ്ഞ മുഷ്‌താഖ് ഇസ്ലാമിക പ്രബോധനത്തിലും അറബി സാഹിത്യത്തിലും ആകൃഷ്ടനായി സഅദിയ്യ ശരീഅത്തു കോളജില്‍ പഠനം തുടരുകയും അവിടെത്തെ മികവ് അദ്ദേഹത്തെ 2016 ൽ ഉന്നത പഠനത്തിന് ഷാര്‍ജ യൂനിവേഴ്‌സിറ്റിയില്‍ എത്തിച്ചു. മികച്ച വാഗ്മിയും എഴുത്തുകാരനുമായ മുഷ്താഖ് കലാ രംഗത്തും എസ് എസ് എഫ് സാഹിത്യോത്സവിലും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. മുഷ്താഖിന്റെ ഇളയ സഹോദരന്‍ ഹാഫിസ് മഹമൂദ് സാബിഖ് ഇതേ യൂനിവേഴ്‌സിറ്റിയില്‍ തന്നെ ഖുര്‍ആന്‍ അടിസ്ഥാനമാക്കി ഉന്നത പഠനം നടത്തുകയാണ്.
സഅദിയ്യ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കുമ്പോല്‍ കെ എസ് ആറ്റക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി സയ്യദ് ഫസല്‍ കോയമ്മ തങ്ങള്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി പ്രിന്‍സിപ്പൽ മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി തുടങ്ങിയര്‍ അഭിനന്ദിച്ചു.
കാഞ്ഞങ്ങാട് പഴയകടപ്പുറം സ്വദേശിയായ അഹ്‌മദ് മുഷ്താഖ് മഞ്ഞനാടി സി പി മുഹമ്മദ് കുഞ്ഞി മുസ്ലിയാരുടെ സഹോദരന്‍ സി പി കുഞ്ഞബ്ദുള്ള മുസ്ലിയാരുടെ (സി പി ഉസ്‌താദിന്റെ) മകളുടെ മകനാണ്.