Connect with us

sharjah

പുതുവര്‍ഷമാഘോഷിക്കാനൊരുങ്ങി ഷാര്‍ജയിലെ വിനോദകേന്ദ്രങ്ങള്‍

വിനോദവും സാഹസികതയും രുചിമേളങ്ങളുമെല്ലാം സമ്മേളിക്കുന്ന വിവിധ പരിപാടികളാണ് ഷാര്‍ജ നിക്ഷേപ വികസനവകുപ്പിന്റെ കീഴിലുള്ള കേന്ദ്രങ്ങളില്‍ ഒരുങ്ങുന്നത്

Published

|

Last Updated

ഷാര്‍ജ | പുതുവര്‍ഷരാവ് വര്‍ണശബളമാക്കാന്‍ ഗംഭീര ആഘോഷപരിപാടികളൊരുക്കി ഷാര്‍ജയിലെ വിനോദകേന്ദ്രങ്ങള്‍. വിനോദവും സാഹസികതയും രുചിമേളങ്ങളുമെല്ലാം സമ്മേളിക്കുന്ന വിവിധ പരിപാടികളാണ് ഷാര്‍ജ നിക്ഷേപ വികസനവകുപ്പിന്റെ (ഷുറൂഖ്) കീഴിലുള്ള കേന്ദ്രങ്ങളില്‍ ഒരുങ്ങുന്നത്.

മുന്‍വര്‍ഷങ്ങളിലെന്ന പോലെ, ഇത്തവണയും കുടുംബസഞ്ചാരികള്‍ക്കു അല്‍ മജാസ് വാട്ടര്‍ഫ്രണ്ടില്‍ പത്തു മിനിറ്റ് നീണ്ടു നില്‍ക്കുന്ന വര്‍ണാഭമായ വെടിക്കെട്ടുണ്ടാവും. ആയിരക്കണക്കിന് സന്ദര്‍ശകര്‍ ഒരുമിച്ചുകൂടുന്ന ഷാര്‍ജ നഗര മധ്യത്തിലുള്ള കോര്‍ണിഷിലെ പുതുവത്സര ആഘോഷം മലയാളികളടക്കമുള്ള കുടുംബസഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധമാണ്.

ഷാര്‍ജ നഗരത്തിലെന്ന പോലെ, ഇത്തവണ കിഴക്കന്‍ തീരത്തും വെടിക്കെട്ട് ഒരുക്കുന്നുണ്ട്. സമീപകാല വികസനപ്രവര്‍ത്തനങ്ങളിലൂടെ സഞ്ചാരികള്‍ക്കു പ്രിയപ്പെട്ടതായി മാറിയ ഖോര്‍ഫക്കാന്‍ ബീച്ചിലും പത്തു മിനുറ്റ് നീണ്ടു നില്‍ക്കുന്ന വെട്ടിക്കെട്ടു പ്രയോഗമുണ്ടാവും.

കൊവിഡ് സാഹചര്യം കണക്കിലെടുത്ത്, തിരക്ക് നിയന്ത്രിക്കാനും കാണാന്‍ സൗകര്യമുള്ള ഇടംപിടിക്കാനും നേരത്തെ എത്തുന്നതാവും അഭികാമ്യമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. നിരവധി റസ്റ്ററന്റുകളും കഫേകളുമുള്ള അല്‍ മജാസിലും ഖോര്‍ഫക്കാന്‍ ബീച്ചിലും, വെടിക്കെട്ട് കാഴ്ചകളാസ്വദിച്ച് അത്താഴം കഴിക്കാനുള്ള സൗകര്യവുമുണ്ട്.

പുതുവത്സരരാവില്‍, നഗരത്തിന്റെ തിരക്കും ബഹളവുമൊന്നുമില്ലാതെ, പ്രകൃതിഭംഗിയാസ്വദിച്ച് അല്‍ മജാസിലെ നിറപ്പകിട്ടാര്‍ന്ന ആഘോഷവും ഷാര്‍ജ നഗരത്തിന്റെ നിറങ്ങളുമാസ്വദിച്ച് അത്താഴം കഴിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഷാര്‍ജ അല്‍ നൂര്‍ ദ്വീപിന്റെ തീരത്ത് പ്രത്യേക ഡിന്നര്‍ പാക്കേജുകളൊരുക്കിയിട്ടുണ്ട്. വൈകുന്നേരം 7 മുതല്‍ പുലര്‍ച്ചെ 1 മണി വരെ നീളുന്ന രീതിയിലാണ് ക്രമീകരണം.

ആഘോഷങ്ങളോടൊപ്പം കുറച്ച് സാഹസികത കൂടി ആഗ്രഹിക്കുന്നവര്‍ക്കും, നഗരത്തിന്റെ ട്രാഫിക് തിരക്കുകളില്‍ നിന്ന് മാറി മരുഭൂമിയുടെ ശാന്തതയില്‍ പുതുവര്‍ഷരാവ് ചെലവഴിക്കണമെന്നും ആഗ്രഹമുള്ളവര്‍ക്കായി മെലീഹ ആര്‍ക്കിയോളജി സെന്ററിന്റെ പുതുവത്സരാഘോഷത്തിന്റെ ഭാഗമാവാം. സൂഫീ നൃത്തവും ഫയര്‍ ഡാന്‍സും ഗിറ്റാര്‍ സംഗീതവുമെല്ലാം ചേര്‍ന്ന ക്യാമ്പിങ് അനുഭവമാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. രാത്രി പ്രത്യേകം തയാറാക്കിയ ടെന്റുകളില്‍ മരുഭൂമിയില്‍ തങ്ങുന്ന വിധത്തിലാണ് ക്രമീകരണം. ഡിസംബര്‍ 31ന് വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് അടുത്ത ദിവസം പുലര്‍ച്ചെ 8 മണിക്ക് അവസാനിക്കുന്ന പാക്കേജില്‍ ഡിന്നറും ബ്രേക്ക്ഫാസ്റ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Latest