Uae
ഗോതമ്പ് പാട കൊയ്ത്തുത്സവത്തിന് ഷാർജ ഭരണാധികാരി എത്തി
1,428 ഹെക്ടറിൽ നട്ടുപിടിപ്പിച്ച ബമ്പർ വിളവെടുപ്പിൽ പ്രതിവർഷം 6,000 ടൺ ജൈവ ഗോതമ്പ് വിളവ് പ്രതീക്ഷിക്കുന്നു.

ഷാർജ | ഗോതമ്പ് പാട കൊയ്ത്തുത്സവത്തിന് ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി എത്തി. തരിശ്ശായിക്കിടന്നിരുന്ന ഈ കൃഷിയിടത്തിൽ മൂന്നാം വിളവെടുപ്പാണിത്. എമിറേറ്റിന്റെ ഭക്ഷ്യസുരക്ഷയെ ശക്തിപ്പെടുത്താൻ ഇത് സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു.
2022ലാണ് മലീഹയിലെ പ്രദേശം പ്രാദേശിക ഭക്ഷ്യോത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും കൃഷിയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ഒരു അഭിലാഷകരമായ ദൗത്യത്തിനായി ഫലഭൂയിഷ്ഠമായ മണ്ണാക്കി മാറ്റിയത്. 1,428 ഹെക്ടറിൽ നട്ടുപിടിപ്പിച്ച ബമ്പർ വിളവെടുപ്പിൽ പ്രതിവർഷം 6,000 ടൺ ജൈവ ഗോതമ്പ് വിളവ് പ്രതീക്ഷിക്കുന്നു.സബ്അ സനാബീൽ (സെവൻ സ്‌പൈക്‌സ്) ഗോതമ്പ് ബ്രാൻഡിന് കീഴിലാണ് വിൽപ്പന.
ഇത് ഉപയോഗിച്ച് പാസ്ത, ക്രോസന്റ‌്സ്, കേക്കുകൾ, ബിസ്‌കറ്റുകൾ, റവ, പരമ്പരാഗത അറബിക് ബ്രെഡ് എന്നിവയും നിർമിക്കുന്നുണ്ട്. ഇറക്കുമതി ചെയ്യുന്ന വസ്തുക്കളെ ആശ്രയിക്കുന്നത് കുറക്കുന്നതിനും പ്രാദേശിക ഉത്പന്നങ്ങളെ വിജയിപ്പിക്കുന്നതിനും പ്രാദേശിക കൃഷിയിൽ നിക്ഷേപിക്കുന്നതിനുള്ള വിശാലമായ നീക്കത്തിന്റെ കേന്ദ്രമാണ് ഷാർജയിലെ ഈ സമൃദ്ധമായ പാടം.
ഈ സീസണിൽ ഷാർജ ഭരണാധികാരി 25 ടൺ പ്രീമിയം ഗോതമ്പ് വിത്തുകൾ നൽകിയിട്ടുണ്ട്. ഇത് 559 കർഷകർക്ക് പ്രയോജനം ചെയ്യും. മൂന്നാം സീസണിൽ 1,450 നോൺ – ജി എം ഒ (ജനിതകമാറ്റം വരുത്താത്തത്) ഗോതമ്പ് ഇനങ്ങൾ കൃഷി ചെയ്തതായി കൃഷി, കന്നുകാലി വകുപ്പ് ചെയർമാനും ഷാർജ കൃഷി, കന്നുകാലി ഉത്പാദന (ഇക്തിഫ) ചീഫ് എക്‌സിക്യൂട്ടീവുമായ ഡോ. ഖലീഫ അൽ തുനൈജി പറഞ്ഞു. ഫാമിൽ നൂതന ജലസേചന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു. ഇത് ജല ഉപഭോഗം 30 ശതമാനം കുറക്കും. കാർഷിക പ്രവർത്തനങ്ങൾ, ജലസേചന രീതികൾ, വിള ആരോഗ്യം എന്നിവയെക്കുറിച്ചുള്ള ദൈനംദിന മാർഗ നിർദേശങ്ങൾ ഉപഗ്രഹ സാങ്കേതികവിദ്യ നൽകുന്നു.