Connect with us

Ongoing News

ഷാര്‍ജ സമ്മര്‍ പ്രമോഷന്‍സ് ഇത്തവണ കൂടുതല്‍ മികവാകും

ജൂലൈ ഒന്ന് മുതല്‍ സെപ്തംബര്‍ ഒന്ന് വരെ ഷാര്‍ജയിലുടനീളം പരിപാടി നടക്കും.

Published

|

Last Updated

ഷാര്‍ജ| ഈ വര്‍ഷത്തെ ഷാര്‍ജ സമ്മര്‍ പ്രമോഷന്‍സിന്റെ പുതിയ വിഷ്വല്‍ ഐഡന്റിറ്റി പുറത്തിറക്കി. ‘കിഴിവുകളും സാഹസികതകളും നിറഞ്ഞ ഒരു വേനല്‍ക്കാലത്തിന് സജ്ജമാകൂ’ എന്ന പ്രമേയത്തില്‍ ജൂലൈ ഒന്ന് മുതല്‍ സെപ്തംബര്‍ ഒന്ന് വരെ ഷാര്‍ജയിലുടനീളം പരിപാടി നടക്കും. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും ഷാര്‍ജ കൊമേഴ്‌സ് ആന്‍ഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റിയും നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഷോപ്പിംഗ് മാള്‍സ് ചേംബേഴ്‌സ് സെക്ടര്‍ സഹകരിക്കും.

ഫെസ്റ്റിവലിന്റെ 21-ാമത് എഡിഷന്റെ പ്രധാന സവിശേഷതകള്‍ എസ് സി സി ഐ ആസ്ഥാനത്ത് വ്യാഴാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. എസ് സി സി ഐ ചെയര്‍മാന്‍ അബ്ദുല്ല സുല്‍ത്താന്‍ അല്‍ ഉവൈസ്, എസ് സി ടി ഡി എ ചെയര്‍മാന്‍ ഖാലിദ് ജാസിം അല്‍ മിദ്ഫ എന്നിവരും ഷാര്‍ജയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു.

രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ആഘോഷത്തില്‍ വിവിധ ഉത്പന്നങ്ങളുടെ പ്രമോഷനുകളും മെഗാ ഡിസ്‌കൗണ്ടുകളും പ്രശസ്തമായ പ്രാദേശിക, അന്തര്‍ദേശീയ ബ്രാന്‍ഡുകളും ഹോട്ടല്‍ ഡിസ്‌കൗണ്ടുകളും വൈവിധ്യമായ ടൂറിസം പാക്കേജുകളും ഒരുക്കുന്നുണ്ട്. കൂടാതെ, ഇന്‍ഫിനിറ്റി ക്യു എക്‌സ് 50 കാര്‍, 30 സ്വര്‍ണ ബാറുകള്‍, ഷോപ്പിംഗ് വൗച്ചറുകള്‍ എന്നിവ നേടാനുള്ള മത്സരങ്ങളും റാഫിളുകളും ഉണ്ടാകും. ഷോപ്പിംഗ് സെന്ററുകള്‍, സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍, ഷാര്‍ജയിലെ റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവയും ഉപഭോക്താക്കള്‍ക്കായി സമ്മാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സീസണില്‍ മൂന്ന് ദശലക്ഷം ദിര്‍ഹം വരെയുള്ള സമ്മാനങ്ങളാണ് സംവിധാനിച്ചത്.

ആഗസ്റ്റ് 19 മുതല്‍ സെപ്തംബര്‍ ഒന്ന് വരെ ‘ബാക്ക് ടു സ്‌കൂള്‍ ക്യാമ്പയിന്‍’ പരിപാടി നടക്കും. ഇത് സ്‌കൂള്‍ സപ്ലൈകളില്‍ 85 ശതമാനം വരെ പ്രധാന കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ വേനല്‍ക്കാല പ്രൊമോഷന്‍ ക്യാമ്പയിന്‍ 450,000 സന്ദര്‍ശകരെ സ്വാഗതം ചെയ്തിരുന്നു.

 

 

 

Latest