Connect with us

Kerala

ഷാരോണിന് മുമ്പും വിഷം നൽകി; ജ്യൂസ് ചാലഞ്ചും അതിന്റെ ഭാഗമെന്ന് ഗ്രീഷ്മയുടെ വെളിപ്പെടുത്തൽ

ഗ്രീഷ്മയെ തെളിവെടുപ്പിനായി തമിഴ്നാട് രാമവർമൻചിറയിലെ വീട്ടിലെത്തിച്ചു

Published

|

Last Updated

തിരുവനന്തപുരം | പാറശ്ശാലയിൽ യുവാവിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പെൺ സുഹൃത്ത് ഗ്രീഷ്മ, മുമ്പും പലതവണ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതായി പോലീസിന് മൊഴി നൽകി. മരിച്ച ഷാരോണിന് മുമ്പ് ജ്യൂസിൽ വിഷം കലർത്തി നൽകിയതായാണ് ഗ്രീഷ്മ വെളിപ്പെടുത്തിയത്. ഷാരോണിനൊപ്പം ജ്യൂസ് ചാലഞ്ച് നടത്തിയതും ഇതിന്റെ ഭാഗമായിരുന്നുവെന്ന് ഗ്രീഷ്മ വെളിപ്പെടുത്തിയതായി അന്വേഷണ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചന നൽകി. ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ കഴിയുന്ന ഗ്രീഷ്മയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്.

ഷാരോണിന് ഗ്രീഷ്മ പലവട്ടം ജ്യൂസ് നൽകിയിരുന്നതായി കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. ഗ്രീഷ്മക്ക് ഒപ്പം ജ്യൂസ് കൂടിച്ച ദിവസങ്ങളിലെല്ലാം ഷാരോണിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു.

അതിനിടെ, ഗ്രീഷ്മയെ തെളിവെടുപ്പിനായി തമിഴ്നാട് രാമവർമൻചിറയിലെ വീട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ പത്തേമുക്കാലോടെയാണ് ഗ്രീഷ്മയെ ഇവിടെ എത്തിച്ചത്. തെളിവെടുപ്പ് പുരോഗമിക്കുകയാണ്. മുഖം മറച്ചാണ് ഗ്രീഷ്മ പോലീസ് വാഹനത്തിൽ എത്തിയത്.

ഗ്രീഷ്മയെ കൊണ്ടുവരുന്നത് അറിഞ്ഞ് നിരവധി പേർ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. പോലീശ് ഇവരെ സ്ഥലത്ത് നിന്ന് നീക്കി.

Latest