Connect with us

Kerala

ഷാരോണ്‍ വധക്കേസ്: പ്രോസിക്യൂഷന്റെ എല്ലാ വാദങ്ങളും കോടതി അംഗീകരിച്ചു, പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു; കെ ജെ ജോണ്‍സണ്‍

ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുക മാത്രമല്ല, കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന കാര്യങ്ങള്‍ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞു

Published

|

Last Updated

തിരുവനന്തപുരം| പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മക്ക് ലഭിച്ച കോടതിവിധിയില്‍ പ്രതികരണവുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജെ ജോണ്‍സണ്‍. പ്രോസിക്യൂഷന്റെ എല്ലാ വാദങ്ങളും കോടതി അംഗീകരിച്ചെന്നും പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും കെ ജെ ജോണ്‍സണ്‍ പറഞ്ഞു. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുക മാത്രമല്ല, കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന കാര്യങ്ങള്‍ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞുവെന്നും കെ ജെ ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

കേസ് അന്വേഷണത്തിന് ആദ്യം ഒരു സ്‌പെഷ്യല്‍ സംഘത്തെ നിയമിച്ചിരുന്നു. മറ്റു തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് കേസ് ഏറ്റെടുക്കുന്നത്. ഗ്രീഷ്മയുടെ ചാറ്റുകളും സംസാരവും വീഡിയോ കോളുകളും മറ്റു മൊഴികളും പരിശോധിച്ചു. തുടര്‍ന്നാണ് സംശയത്തിന്റെ നിഴലിലായിരുന്ന ഗ്രീഷ്മയെ പ്രതിയാക്കുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മാരകമായ കീടനാശിനി കലര്‍ത്തി കഷായം നല്‍കിയതിനെ തുടര്‍ന്നാണ് ഷാരോണ്‍ രാജ് മരിക്കുന്നതെന്ന് കണ്ടെത്തിയത്.

ഗ്രീഷ്മ ഉന്നയിച്ച വാദങ്ങളെല്ലാം തെറ്റാണെന്നും ഷാരോണിന്റെ ഭാഗത്തുനിന്നും യാതൊരു തരത്തിലുള്ള പീഡനവും ഉണ്ടായിട്ടില്ലെന്ന് തെളിഞ്ഞുവെന്നും കെജെ ജോണ്‍സണ്‍ പറഞ്ഞു. അതേസമയം വിധിയില്‍ സന്തോഷമുണ്ടെന്ന് ഡി ശില്പ ഐപിഎസ് പ്രതികരിച്ചു. അന്വേഷണ സംഘം ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചു. അന്വേഷണ സംഘത്തെ ഗ്രീഷ്മ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പല ഘട്ടങ്ങളിലും വെല്ലുവിളി ഉണ്ടായതായും ഡി ശില്‍പ വ്യക്തമാക്കി.

ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മക്ക് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വധശിക്ഷ വിധിച്ചത്. തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം തടവ് ശിക്ഷയും വിധിച്ചു. കേസിലെ മൂന്നാം പ്രതി ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല്‍ കുമാറിന് മൂന്ന് വര്‍ഷം തടവും കോടതി വിധിച്ചു. മരണക്കിടക്കയിലും കാമുകിയെ സ്നേഹിച്ചിരുന്ന ഷാരോണിനോട് ഗ്രീഷ്മ കടുത്ത വിശ്വാസ വഞ്ചനയാണ് നടത്തിയതെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞു.

പ്രായത്തിന്റെ ഒരു ഇളവിനും പ്രതിക്ക് അര്‍ഹതയില്ല. ആസൂത്രിത കൊലപാതകമാണിത്. ജ്യൂസ് ചലഞ്ച് നടത്തിയത് വധശ്രമമാണെന്നും കോടതി വ്യക്തമാക്കി. ഗ്രീഷ്മയുടെ ആത്മഹത്യശ്രമം അന്വേഷണം വഴിതിരിക്കാന്‍ വേണ്ടിമാത്രമാണ്. അതിസമര്‍ഥമായി നടപ്പിലാക്കിയ ക്രൂരമായ കൊലപാതകമാണിതെന്നും കോടതി വ്യക്തമാക്കി. 11 ദിവസം നരകിച്ചാണ് ഷാരോണ്‍ മരിച്ചത്. കൃത്യത്തിന് ശേഷവും ഗ്രീഷ്മ അഭിനയം തുടര്‍ന്നു. അപ്പോഴും സ്നേഹത്തോടെയാണ് ഷാരോണ്‍ ഗ്രീഷ്മയെ വിളിച്ചിരുന്നതെന്നും കോടതി പറഞ്ഞു. ഗ്രീഷ്മയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല എന്ന വാദം അംഗീകരിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

വിധിന്യായത്തില്‍ 586 പേജുകളാണുള്ളത്.കൊല്ലപ്പെട്ട ഷാരോണിന്റെ മാതാപിതാക്കളെയും കുടുംബത്തെയും കോടതി അടുത്തേക്ക് വിളിച്ചു വരുത്തിയശേഷമായിരുന്നു കോടതി വിധി പ്രസ്താവം ആരംഭിച്ചത്. കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ഷാരോണിനെ ഒഴിവാക്കാന്‍ കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.തട്ടിക്കൊണ്ടുപോകല്‍, വിഷം നല്‍കല്‍, കൊലപാതകം, പോലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ എന്നി കുറ്റങ്ങളാണ് ഗ്രീഷ്മയ്ക്കെതിരെ തെളിഞ്ഞത്. തെളിവുനശിപ്പിച്ചെന്ന കുറ്റമാണ് നിര്‍മലകുമാരന്‍ നായരുടേത്. മറ്റൊരു പ്രതിയായ ഗ്രീഷ്മയുടെ മാതാവ് സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു. വിധി കേള്‍ക്കാന്‍ ഷാരോണിന്റെ മാതാപിതാക്കളും സഹോദരനും കോടതിയിലെത്തിയിരുന്നു.

 

 

 

Latest