Kerala
ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു
എതിര്‍ കക്ഷികള്‍ക്ക് ഡിവിഷന്‍ ബെഞ്ച് നോട്ടീസ് അയച്ചു.
തിരുവനന്തപുരം| പാറശാല ഷാരോണ്‍ വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒന്നാംപ്രതി ഗ്രീഷ്മ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എതിര്‍ കക്ഷികള്‍ക്ക് ഡിവിഷന്‍ ബെഞ്ച് നോട്ടീസ് അയച്ചു. കേസിലെ വിചാരണയ്ക്കുശേഷം നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ച വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. നിലവില്‍ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലാണ് ഗ്രീഷ്മ.
അതേസമയം, മൂന്ന് വര്‍ഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല്‍ കുമാറിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ശരിവച്ചു. കേസില്‍ കഴിഞ്ഞ ജനുവരി 20നാണ് ഗ്രീഷ്മയ്ക്ക് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ച് ഉത്തരവിട്ടത്. തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം തടവ് ശിക്ഷയും വിധിച്ചു.
2022 ഒക്ടോബര്‍ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ കീടനാശിനി കലര്‍ത്തിയ കഷായം ഷാരോണിന് നല്‍കുകയായിരുന്നു. ഒക്ടോബര്‍ 25നാണ് ചികിത്സയിലിരിക്കെ ഷാരോണ്‍ രാജ് മരിച്ചത്.മരണക്കിടക്കയിലും കാമുകിയെ സ്നേഹിച്ചിരുന്ന ഷാരോണിനോട് ഗ്രീഷ്മ കടുത്ത വിശ്വാസ വഞ്ചനയാണ് നടത്തിയതെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞു. പ്രായത്തിന്റെ ഒരു ഇളവിനും പ്രതിക്ക് അര്‍ഹതയില്ല. ആസൂത്രിത കൊലപാതകമാണിത്. ഗ്രീഷ്മയുടെ ആത്മഹത്യശ്രമം അന്വേഷണം വഴിതിരിക്കാന്‍ വേണ്ടിമാത്രമാണ്. അതിസമര്‍ഥമായി നടപ്പിലാക്കിയ ക്രൂരമായ കൊലപാതകമാണിതെന്നും കോടതി വ്യക്തമാക്കി.
11 ദിവസം നരകിച്ചാണ് ഷാരോണ്‍ മരിച്ചത്. കൃത്യത്തിന് ശേഷവും ഗ്രീഷ്മ അഭിനയം തുടര്‍ന്നു. അപ്പോഴും സ്നേഹത്തോടെയാണ് ഷാരോണ്‍ ഗ്രീഷ്മയെ വിളിച്ചിരുന്നതെന്നും കോടതി പറഞ്ഞു. ഗ്രീഷ്മയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല എന്ന വാദം അംഗീകരിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. വിധിന്യായത്തില്‍ 586 പേജുകളാണുള്ളത്. കൊല്ലപ്പെട്ട ഷാരോണിന്റെ മാതാപിതാക്കളെയും കുടുംബത്തെയും കോടതി അടുത്തേക്ക് വിളിച്ചു വരുത്തിയശേഷമായിരുന്നു കോടതി വിധി പ്രസ്താവം ആരംഭിച്ചത്. കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ഷാരോണിനെ ഒഴിവാക്കാന്‍ കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.