Kerala
ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മക്കും അമ്മാവനുമുള്ള ശിക്ഷാവിധി ഇന്ന്
ഒന്നാംപ്രതിക്കു വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.
തിരുവനന്തപുരം | പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷാ വിധി ഇന്നുണ്ടാകും. ഒന്നാം പ്രതി ഗ്രീഷ്മ, മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മല കുമാരന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ വിധിച്ചിരുന്നു. ഷാരോണിനെ ഒഴിവാക്കാന്‍ കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്..തട്ടിക്കൊണ്ടുപോകല്‍, വിഷം നല്‍കല്‍, കൊലപാതകം, പോലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ എന്നി കുറ്റങ്ങളാണ് ഗ്രീഷ്മയ്ക്കെതിരെ തെളിഞ്ഞത്. തെളിവുനശിപ്പിച്ചെന്ന കുറ്റമാണ് നിര്‍മലകുമാരന്‍ നായരുടേത്. മറ്റൊരു പ്രതിയായ ഗ്രീഷ്മയുടെ മാതാവ് സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.
ഒന്നാംപ്രതിക്കു വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. പ്രായവും വിദ്യാഭ്യാസവും പരിഗണിച്ചു കുറഞ്ഞ ശിക്ഷ നല്‍കണമെന്നു പ്രതിഭാഗവും വാദിച്ചിരുന്നു.കേസിലെ രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മയെ തെളിവുകളുടെ അഭാവത്തിലാണ് കോടതി വെറുതെ വിട്ടത്.
2022 ഒക്ടോബര്‍ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ കീടനാശിനി കലര്‍ത്തിയ കഷായം ഷാരോണിന് നല്‍കുകയായിരുന്നു. ഒക്ടോബര്‍ 25നാണ് ചികിത്സയിലിരിക്കെ ഷാരോണ്‍ രാജ് മരിച്ചത്.ശിക്ഷാവിധിയുടെ വാദത്തിനിടെ തനിക്ക് 24 വയസ്സു മാത്രമാണ് പ്രായമെന്നും അതു കണക്കിലെടുത്ത് ശിക്ഷയില്‍ പരമാവധി ഇളവ് വരുത്തണമെന്ന് ഗ്രീഷ്മ അഭ്യര്‍ഥിച്ചത്. അതേസമയം കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണ്ട് ഗ്രീഷ്മയ്ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു
ഷാരോണിന് സാമൂഹ്യ വിരുദ്ധ പശ്ചാത്തലമുണ്ടെന്ന് ഗ്രീഷ്മ കുറ്റപ്പെടുത്തി. സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച് ഷാരോണ്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്‌തെന്നും ഗ്രീഷ്മ പറഞ്ഞു. നഗ്ന ചിത്രങ്ങള്‍ പുറത്തുവരുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. അതിനാല്‍ നീതീകരിക്കാവുന്ന കൊലപാതകമായി കാണണമെന്ന് പ്രതിഭാഗം വാദിച്ചു.
അതേ സമയം ഒരു ചെറുപ്പക്കാരന്റെ സ്‌നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെയാണ് കൊല നടപ്പാക്കിയത്. പ്രതി ഒരു ദയവും അര്‍ഹിക്കുന്നില്ല. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണ്ട് വധശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു