Kerala
ഷാരോൺ വധക്കേസ്: വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ഗ്രീഷ്മയുടെ ഹർജി സുപ്രീം കോടതി തള്ളി
കേസിന്‍റെ വിചാരണ നെയ്യാറ്റിൻകരയിൽ നിന്ന് നാഗർകോവിൽ കന്യാകുമാരിലെ ജെഎംഎഫ് സി കോടതിയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തള്ളിയത്.
ന്യൂഡൽഹി | പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയുടെ ഹർജി സുപ്രീം കോടതി തള്ളി. കാമുകനായിരുന്നു ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊന്ന കേസിന്റെ വിചാരണ കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ഗ്രീഷ്മയുടെ ആവശ്യമാണ് കോടതി തള്ളിയത്.
കുറ്റപത്രം സ്വീകരിച്ചതിനെതിരെ വിചാരണ കോടതിയെ വീണ്ടും സമീപിക്കാൻ ഹൈക്കോടതി നേരത്തെ ഗ്രീഷ്മക്ക് നിർദ്ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിൽ ട്രാൻസ്ഫർ ഹർജിയിൽ ഇടപെടുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി നടപടി.
കേസിന്‍റെ വിചാരണ നെയ്യാറ്റിൻകരയിൽ നിന്ന് നാഗർകോവിൽ കന്യാകുമാരിലെ ജെഎംഎഫ് സി കോടതിയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തള്ളിയത്. ഗ്രീഷ്മക്കൊപ്പം മറ്റുപ്രതികളായ അമ്മയും അമ്മാവനും ഹർജികൾ നല്‍കിയിരുന്നു.
കാമുകനെ കഷായത്തിൽ വിഷം കൊടുത്തു കൊന്ന ഗ്രീഷ്മ 11 മാസങ്ങൾക്ക് ശേഷം കഴിഞ്ഞമാസം അവസാനമാണ് ജാമ്യം ലഭിച്ച് ജയിൽ മോചിതയായത്.