Kerala
ഷാരോണ്‍ വധക്കേസ്; പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു
ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, തെറ്റിദ്ധരിപ്പിക്കല്‍ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്
തിരുവനന്തപുരം | പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതികള്‍ക്ക് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. പ്രതികളായ ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ എന്നിവര്‍ക്കാണ് കോടതി കുറ്റപത്രം നല്‍കിയത്. ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തില്‍ വിഷം കലര്‍ത്തിക്കൊടുത്ത് കൊന്നുവെന്നാണ് കേസ്. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, തെറ്റിദ്ധരിപ്പിക്കല്‍ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയാണ് കുറ്റപത്രം നല്‍കിയത്. ഒക്ടോബര്‍ മൂന്ന് മുതല്‍ കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങും. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വിനീത് കുമാര്‍ ഹാജരായി.
ഗ്രീഷ്മയും ഷാരോണും അടുപ്പത്തിലായിരുന്നു . പിന്നീട് ഗ്രീഷ്മക്ക് നല്ല സാമ്പത്തിക ശേഷിയുള്ള സൈനികന്റെ വിവാഹ ആലോചന വന്നു. തുടര്‍ന്ന് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ പലതവണ ശ്രമിച്ചെങ്കിലും ഷാരോണ്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് ഷാരോണിനെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തിയതെന്നാണ് പോലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. 2022 ഒക്ടോബര്‍ 14 ന് വീട്ടിലേക്ക് വിളിച്ചു വരുത്തിയ ഗ്രീഷ്മ ഷാരോണിന് കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊടുത്തു.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഒക്ടോബര്‍ 25 നാണ് യുവാവ് മരിച്ചത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മ്മല്‍ കുമാറും കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത്.