Kerala
ഷാരോണ്‍ വധക്കേസ്:ക്രൈംബ്രാഞ്ച് അന്തിമ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ നല്‍കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ഹരജിയിലെ വാദം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു
തിരുവനന്തപുരം | പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് അന്തിമ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ നല്‍കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അന്തിമ റിപ്പോര്‍ട്ട് ഡിവൈഎസ്പിക്ക് ഫയല്‍ ചെയ്യാന്‍ അധികാരമില്ലെന്നും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കേ ഫയല്‍ ചെയ്യാന്‍ കഴിയൂ എന്നുമാണ് ഹരജിയിലെ വാദം. ഗ്രീഷ്മക്കായി അഭിഭാഷകന്‍ ശ്രീറാം പാറക്കാട്ടാണ് ഹരജി സമര്‍പ്പിച്ചത്.
കേസിലെ രണ്ടും മൂന്നും പ്രതികളായ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും ഹരജിക്കാരാണ്. ഹരജിയിലെ വാദം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
പ്രണയബന്ധത്തില്‍നിന്നു പിന്മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഗ്രീഷ്മ കാമുകന്‍ ഷാരോണ്‍ രാജിനെ കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്.
2022 ഒക്ടോബര്‍ 14 നാണ് ഷാരോണിനെ വീട്ടില്‍ വിളിച്ചു വരുത്തി കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയത്.2022 ഒക്ടോബര്‍ 25 ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ഷാരോണ്‍ മരിച്ചത്.