Kerala
ഷാരോണ്‍ രാജ് വധക്കേസ്; ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്റേയും അറസ്റ്റ് രേഖപ്പെടുത്തി
. പോലീസ് കസ്റ്റഡിയില്‍ ആത്മഹത്യക്ക് ശ്രമിച്ചതിന് ഗ്രീഷ്മക്കെതിരേയും കേസെടുത്തിട്ടുണ്ട്
തിരുവനന്തപുരം | പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇരുവരേയും ഇന്ന് കോടതിയില്‍ ഹാജരാക്കി. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് ഇരുവരേയും പ്രതിചേര്‍ത്തത്. കഷായക്കുപ്പി വീണ്ടെടുക്കുന്നതിന് ഇരുവരേയും വീട്ടിലെത്തിച്ച് തെളിവെടുക്കും. പോലീസ് കസ്റ്റഡിയില്‍ ആത്മഹത്യക്ക് ശ്രമിച്ചതിന് ഗ്രീഷ്മക്കെതിരേയും കേസെടുത്തിട്ടുണ്ട്. അതേ സമയം ഗ്രീഷ്മയുടെ അച്ഛനേയും മറ്റൊരു ബന്ധുവിനേയും വീണ്ടും ചോദ്യം ചെയ്യും.
ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസിയുവിലുള്ള രേഷ്മയെ ഇന്നലെ രാത്രി റിമാന്‍ഡ് ചെയ്തിരുന്നു. 24 മണിക്കൂര്‍ നിരീക്ഷണത്തിലുള്ള ഗ്രീഷ്മയെ ആശുപത്രി സെല്ലിലേക്കോ ജിയിലിലേക്കോ മാറ്റും. .ഗ്രീഷ്മയെ കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ അന്വേഷണസംഘം കോടതിയില്‍ നല്‍കും. സംഭവ ദിവസം ഷാരോണ്‍ രാജ് ധരിച്ച വസ്ത്രം ഫോറന്‍സിക് പരിശോധനയ്ക്കായി കുടുംബം അന്വേഷണസംഘത്തിന് കൈമാറും.
മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നുവെന്നുമാണ് ഗ്രീഷ്മ പോലീസിനോട് കുറ്റസമ്മതം നടത്തിയത്.