Kerala
ശശി തരൂരിന്റെ മലബാര്‍ പര്യടന വിവാദം; താരിഖ് അന്‍വര്‍ എം കെ രാഘവനുമായി ഒത്ത് തീര്‍പ്പ് ചര്‍ച്ച നടത്തും
താരിഖ് അന്‍വറില്‍ നിന്നും ഇതിനായി ഒരു ക്ഷണം ഉണ്ടെങ്കിലെ ചര്‍ച്ചക്ക് സന്നദ്ധമാകു എന്ന നിലപാടിയിലാണ് എം കെ രാഘവന്‍

കോഴിക്കോട് | ശശി തരൂരിന്റെ മലബാര്‍ പര്യടനം കോണ്‍ഗ്രസില്‍ പുതിയ വിഭാഗീയതക്ക് കാരണമായിരിക്കെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കോഴിക്കോട് എത്തി. തരൂര്‍ വിഷയത്തില്‍ നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന എം കെ രാഘവനുമായി താരിഖ് അന്‍വര്‍ ചര്‍ച്ച നടത്തിയേക്കും. അതേ സമയം താരിഖ് അന്‍വറില്‍ നിന്നും ഇതിനായി ഒരു ക്ഷണം ഉണ്ടെങ്കിലെ ചര്‍ച്ചക്ക് സന്നദ്ധമാകു എന്ന നിലപാടിയിലാണ് എം കെ രാഘവന്‍. രാവിലെ ജില്ലാ കമ്മറ്റി ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ താരിഖ് അന്‍വര്‍ പങ്കെടുക്കു. മുതിര്‍ന്ന പല നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.
ഉച്ചയ്ക്കുശേഷം വയനാട്ടില്‍ നടക്കുന്ന യു ഡി എഫ് യോഗത്തില്‍ താരിഖ് അന്‍വര്‍ പങ്കെടുക്കും.പാര്‍ട്ടിക്കുള്ളില്‍ നിന്ന് കൊണ്ടാണ് തന്റെ പ്രവര്‍ത്തനങ്ങളെന്നാണ് ശശി തരൂര്‍ വിമര്‍ശകര്‍ക്ക് നല്‍കുന്ന മറുപടി. പ്രശ്‌നം തിരക്കിട്ട് കൈകാര്യം ചെയ്ത നേതൃത്വത്തിന്റെ നടപടി തരൂരിന് അമിതപ്രാധാന്യം നല്‍കിയെന്നാണ് എ ഗ്രൂപ്പ് വിലയിരുത്തല്‍. കൈ പൊള്ളിയ നേതൃത്വം ഇനി കൂടുതല്‍ പ്രതികരണങ്ങള്‍ വേണ്ടെന്ന നിലപാടിലാണ്. ഇന്ന് കോഴിക്കോടെത്തുന്ന താരിഖ് അന്‍വര്‍ ഒത്ത് തീര്‍പ്പ് ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.