Kerala
ശശി തരൂര്‍ പറയുന്നത് സാമൂഹിക സത്യം; അതിനെ കോണ്‍ഗ്രസ് വളഞ്ഞിട്ട് ആക്രമിക്കുന്നു: വെള്ളാപ്പള്ളി
കുട്ടനാട് സീറ്റ് സി പി എം ഏറ്റെടുക്കണമെന്നും വെള്ളപ്പള്ളി

കൊല്ലം | ശശി തരൂരിനെ പ്രശംസിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശശി തരൂരിനെ അഭിനന്ദിക്കണമെന്നും ആര്‍ക്കും അടിമപ്പെടാതെ ഉള്ളതു പറയുന്നയാളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശശി തരൂര്‍ പറയുന്നത് സാമൂഹിക സത്യമാണ്. അതിനെ കോണ്‍ഗ്രസ് വളഞ്ഞിട്ട് ആക്രമിക്കുന്നു. തരൂര്‍ വിദ്യാസമ്പന്നനാണെന്നും ആരുടെ കയ്യില്‍ നിന്നും പണം പിരിക്കാത്തയാളാണെന്നും അദ്ദേഹം പറഞ്ഞു. തരൂരിനെ പണ്ടേ വളഞ്ഞിട്ട് ആക്രമിക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. സത്യങ്ങളെ കണ്ടുപഠിച്ച് അത് പുറത്തു പറയുന്ന ആളാണ് തരൂരെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കുട്ടനാട് സീറ്റ് സി പി എം ഏറ്റെടുക്കണമെന്നും വെള്ളപ്പള്ളി ആവശ്യപ്പെട്ടു. എസ് എന്‍ ഡി പി നൂറ് ശതമാനം പിന്തുണയ്ക്കുമെന്നും കുട്ടനാട്ടിലും അരൂരിലും ഈഴവ സ്ഥാനാര്‍ഥികള്‍ വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തോമസ് കെ തോമസിനും പി സി ചാക്കോക്കും എതിരെ രൂക്ഷ വിമര്‍ശനമാണ് വെള്ളാപ്പള്ളി നടേശന്‍ നടത്തിയത്. തോമസ് കെ തോമസ് പോഴന്‍ എം എല്‍ എയാണെന്ന് അദ്ദേഹം പറഞ്ഞു. തോമസ് കെ തോമസിന് എം എല്‍ എ ആകാനുള്ള യാതൊരു യോഗ്യതയും ഇല്ല. ചേട്ടന്‍ മരിച്ചപ്പോള്‍ കിട്ടിയ സ്ഥാനമാണ്. എം എല്‍ എ സ്ഥാനം കിട്ടിയത് തന്നെ ഔദാര്യമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
പി സി ചാക്കോ നില്‍ക്കുന്നിടം നാല് കഷ്ണമാക്കുന്ന ആളാണ്. ആളില്ല പാര്‍ട്ടിയില്‍ ഏത് ഏഭ്യനും സംസ്ഥാന അധ്യക്ഷന്‍ ആകാം. ചാക്കോ വടി വെച്ചിടത്ത് കുട വയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.