Connect with us

shashi tharoor

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കുള്ള മത്സരസാധ്യത തള്ളാതെ ശശി തരൂര്‍

തന്നെ പ്രവര്‍ത്തക സമിതിയിലേക്ക് നാമനിര്‍ദേശം ചെയ്താല്‍ സ്വീകരിക്കുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Published

|

Last Updated

പത്തനംതിട്ട | കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കുള്ള മത്സര സാധ്യത തള്ളാതെ ശശി തരൂര്‍ എം പി. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നും പാര്‍ട്ടി തീരുമാനത്തിന് ശേഷം തന്റെ തീരുമാനം മാറ്റണമോ എന്ന് ആലോചിക്കുമെന്നും തരൂര്‍ പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ ഒരു മത്സരത്തിന് ഉദ്ദേശിക്കുന്നില്ല. പാര്‍ട്ടിയുടെ അന്തിമ തീരുമാനം അറിഞ്ഞ ശേഷം വീണ്ടും തീരുമാനമെടുക്കേണ്ടി വരും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ തീരുമാനം നേതൃത്വത്തിന്റെ കൈയിലാണ്. അവര്‍ തീരുമാനിക്കട്ടെ. തന്നെ പ്രവര്‍ത്തക സമിതിയിലേക്ക് നാമനിര്‍ദേശം ചെയ്താല്‍ സ്വീകരിക്കുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

റായ്പൂരില്‍ ഫെബ്രുവരി 24 മുതല്‍ 26 വരെ നടക്കുന്ന പാര്‍ട്ടി പ്ലീനറി യോഗത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെ തിരഞ്ഞെടുക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന് പുറമെ 23 അംഗങ്ങള്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെയാണ് തിരഞ്ഞെടുക്കുക. നോമിനേറ്റ് ചെയ്യുന്ന 12 പേരും തിരഞ്ഞെടുക്കപ്പെട്ട 11 പേരുമടങ്ങുന്നതാണ് പ്രവര്‍ത്തക സമിതി. കഴിഞ്ഞ 25 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പ് നടക്കുന്നത്. പതിറ്റാണ്ടുകൾക്ക് ശേഷം കഴിഞ്ഞ വർഷം കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നടന്നിരുന്നു. ശശി തരൂർ സ്ഥാനാർഥിയായെങ്കിലും പരാജയപ്പെട്ടു.

എല്ലാവരെയും ഒരുമിപ്പിക്കുന്നതും തുല്യമായി പരിഗണിക്കുന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ന്യായത്തിന്റെ രാജ്യമുണ്ടാക്കുന്നതിനാണ് നമ്മള്‍ പരിശ്രമിക്കേണ്ടതെന്ന് ശശി തരൂര്‍ എം പി പറഞ്ഞു. പ്രത്യക്ഷ രക്ഷാ ദൈവസഭ (പി ആര്‍ ഡി എസ്) സ്ഥാപകന്‍ പൊയ്കയില്‍ ശ്രീകുമാര ഗുരുദേവന്റെ 145ാമത് ജന്‍മദിനത്തോട് അനുബന്ധിച്ചുള്ള വിദ്യാര്‍ഥി- യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊയ്കയില്‍ ശ്രീകുമാര ഗുരുദേവന്റെ പ്രവര്‍ത്തനങ്ങള്‍ അതിനായുള്ള പരിശ്രമമാണ്. ലോകത്ത് ജീവിച്ചിരിക്കുമ്പോഴാണ് രക്ഷ അനുഭവിക്കേണ്ടതെന്നാണ് ഗുരുദേവന്‍ പറഞ്ഞത്. ജനാധിപത്യവും സാഹോദര്യത്വവും നഷ്ടമാകുന്ന നമ്മുടെ സമൂഹത്തില്‍ ഗുരുദേവന്റെ സന്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ട് അവ തിരിച്ചു പിടിക്കണമെന്ന് ശശി തരൂര്‍ ആഹ്വാനം ചെയ്തു.

തുടര്‍ന്ന് വിദ്യാര്‍ഥികളുമായി തരൂര്‍ സംവാദം നടത്തി. സമ്മേളനത്തില്‍ പി ആര്‍ ഡി എസ് യുവജനസംഘം പ്രസിഡന്റ് കെ ആര്‍ രാജീവ് അധ്യക്ഷത വഹിച്ചു.  തിരുപ്പോറൂര്‍ എം എല്‍ എ. എസ് എസ് ബാലാജി,  കെ യു ജനീഷ് കുമാര്‍ എം എല്‍ എ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥന്‍, ഗുരുകുല ഉപദേഷ്ടാക്കളായ വൈ ജ്ഞാനശീലന്‍, എ തങ്കപ്പന്‍, പി ആര്‍ ഡി എസ് ഹൈ കൗണ്‍സില്‍ അംഗം വി റ്റി രമേശ്, സി എസ് വൈ എഫ് പ്രസിഡന്റ് ടി എ കിഷോര്‍, പി ആര്‍ ഡി എസ് യുവജന സംഘം കേന്ദ്രസമിതി അംഗങ്ങളായ രതീഷ് കുമാര്‍ ശാന്തിപുരം, അമൃത് ദേവ് റ്റി, അജേഷ് പോട്ടച്ചിറ, ആചാര്യ കലാക്ഷേത്രം സെക്രട്ടറി ശാന്തകുമാര്‍ കെ, യുവജന സംഘം മുന്‍ വൈസ് പ്രസിഡന്റ്  അനീഷ് വളഞ്ഞവട്ടം, യുവജന സംഘം അമരപുരം മേഖലാ സെക്രട്ടറി സന്ദീപ് പി റ്റി, പി ആര്‍ ഡി എസ് യു പി സ്‌ക്കൂള്‍ വിദ്യാര്‍ഥിനി ധ്വനി കലേഷ്, സ്റ്റഡി ക്ലാസ് വിദ്യാര്‍ഥിനി സംസാരിച്ചു.

---- facebook comment plugin here -----

Latest