Kerala
വിദേശ മലയാളികള്‍ അയക്കുന്ന പണത്തിലൂടെയാണ് കേരളം ജീവിക്കുന്നതെന്ന് ശശി തരൂര്‍ എം പി
തൊഴിലല്ലായ്മ പരിഹരിക്കാന്‍ വ്യവസായം തുടങ്ങാനോ നിക്ഷേപകര്‍ക്ക് അവസരം കൊടുക്കാനോ കേരളം തയ്യാറാകുന്നില്ലെന്ന് ശശി തരൂര്‍
അടൂര്‍ | ഉന്നതവിദ്യാഭ്യാസവും തൊഴിലും തേടി വിദേശത്തു പോകുന്ന മലയാളികള്‍ അയക്കുന്ന പണത്തിലൂടെയാണ് കേരളം ജീവിക്കുന്നതെന്ന് ശശി തരൂര്‍ എം പി പറഞ്ഞു. സാമൂഹിക, ഗവേഷണ സ്ഥാപനമായ അടൂര്‍ തുവയൂര്‍ ബോധിഗ്രാമിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ‘യുവഭാരതം – സാമൂഹിക, സാമ്പത്തിക ശാക്തീകരണം’എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലല്ലായ്മ പരിഹരിക്കാന്‍ വ്യവസായം തുടങ്ങാനോ നിക്ഷേപകര്‍ക്ക് അവസരം കൊടുക്കാനോ കേരളം തയ്യാറാകുന്നില്ലെന്ന് ശശി തരൂര്‍ പറഞ്ഞു.
പഠിപ്പും അറിവുമുള്ള മലയാളി യുവാക്കള്‍ വിദേശത്തേക്ക് പോയി നല്ലതുപോലെ ജോലി ചെയ്ത് പണം നാട്ടിലേക്ക് അയച്ചുകൊടുക്കുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍ തൊഴിലില്ലായ്മ ഭൂരിപക്ഷവും പഠിപ്പില്ലാത്തവര്‍ക്കാണ്. പഠിപ്പ് കുറവള്ള ഇതര സംസ്ഥാനക്കാര്‍ കേരളത്തില്‍ വന്ന് ജോലി ചെയ്യുന്നു. സംസ്ഥാനത്ത് 32 ലക്ഷം അഥിതി തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും കേരളം ഇപ്പോള്‍ പിന്നോട്ടു പോയിരിക്കുന്നു. റവന്യു വരവില്‍ 2015ല്‍ കേരളത്തിന്റെ റാങ്ക് പതിനഞ്ചായിരുന്നു. 2019ല്‍ 28ാം സ്ഥാനത്തായെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. പ്രത്യാശയുടെ രാഷ്ട്രീയവും വികസനവുമാണ് കേരളത്തിനാവശ്യം. വിദേശത്തു നിന്നുള്ള കുട്ടികള്‍ കേരളത്തില്‍ വന്ന് പഠിക്കുന്ന സാഹചര്യമൊരുക്കണം. ശ്രീനാരായണഗുരുവും അയ്യങ്കാളിയും തുടങ്ങിവച്ച നവോത്ഥാനത്തിന്റെ അടിത്തറയില്‍ നിന്നു വേണം കേരളം മുന്നേറാനെന്നും തരൂര്‍ പറഞ്ഞു. ആന്റോ ആന്റണി എം പി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബോധിഗ്രാം സ്ഥാപകന്‍ ജെ എസ് അടൂര്‍ അധ്യക്ഷത വഹിച്ചു.
കോണ്‍ഗ്രസുമായി ബന്ധമില്ലാത്ത സ്ഥാപനത്തിന്റെ പരിപാടിയായിരുന്നെങ്കിലും, പത്തനംതിട്ട ജില്ലയിലെ തരൂര്‍ അനുകൂലികളുടെ ആദ്യ സംഗമവേദി കൂടിയായിരുന്നു സമ്മേളനം. രാഷ്ട്രീയം തൊടാതെയായിരുന്നു തരൂരിന്റെ പ്രസംഗം