Kerala
ഫലസ്തീന്‍ വിഷയത്തില്‍ തന്നെ ആരും നിലപാട് പഠിപ്പിക്കേണ്ട;ശശി തരൂര്‍
ഫലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് സോണിയ ഗാന്ധി വ്യക്തമാക്കിയതാണ്
തിരുവനന്തപുരം| ഫലസ്തീന്‍ വിഷയത്തില്‍ തന്നെ ആരും നിലപാട് പഠിപ്പിക്കേണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍. ഫലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് സോണിയ ഗാന്ധി വ്യക്തമാക്കിയതാണ്. ഇത് ഫലസ്തീനെ ചൊല്ലി തര്‍ക്കത്തിനുള്ള സമയമല്ലെന്നും ശശി തരൂര്‍ പറഞ്ഞു. കെപിസിസിയുടെ ജവഹര്‍ലാല്‍ നെഹ്‌റു അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്നില്ലായിരുന്നെങ്കില്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നത് പോലെ ഇന്ത്യ തകരുമായിരുന്നുവെന്ന് മുതിര്‍ന്ന നേതാവ് എകെ ആന്റണി പറഞ്ഞു. ആരുടേയെങ്കിലും റാലിയില്‍ പങ്കെടുക്കാന്‍ അപേക്ഷയുമായി നില്‍ക്കേണ്ട സാഹചര്യം കോണ്‍ഗ്രസിനില്ലെന്നും പരമാധികാരമുള്ള ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്നതാണ് കോണ്‍ഗ്രസിന്റെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് സ്വാതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന് അനുകൂലമായതാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന് നിലപാടില്ലെന്ന് വിമര്‍ശിക്കുന്ന മുഖ്യമന്ത്രി, കെകെ ശൈലജയുടെ പ്രസ്താവന കണ്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു.