Kerala
സി പി എമ്മിനെതിരായ നരഭോജി പ്രയോഗം ശശി തരൂര്‍ പിന്‍വലിച്ചു
സി പി എം അക്രമ രാഷ്ട്രീയത്തെ വിമര്‍ശിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ നരഭോജി പ്രയോഗം പിന്‍വലിച്ച നടപടി കോണ്‍ഗ്രസ് കേന്ദ്രങ്ങളെ അമ്പരപ്പിച്ചു

തിരുവനന്തപുരം | ഇടതു സര്‍ക്കാറിനെ പ്രകീര്‍ത്തിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ സംഘടിത ആക്രമണത്തിന് ഇരയായതിനു പിന്നാലെ, സംസ്ഥന കോണ്‍ഗ്രസ്സിനെ സന്തോഷിപ്പിക്കാനെന്ന മട്ടില്‍ ഇട്ട പോസ്റ്റും ശശി തരൂര്‍ പിന്‍വലിച്ചു.
പെരിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടതിന്റെ വാര്‍ഷികത്തില്‍ സി പി എമ്മിനെ നരഭോജികള്‍ എന്നു പരാമര്‍ശിച്ചുകൊണ്ട് ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് പിന്‍വലിച്ചത്. നരഭോജി പ്രയോഗം പിന്‍വലിച്ചുകൊണ്ടാണ് പോസ്റ്റ് തിരുത്തിയത്.
സി പി എം നരഭോജികള്‍ കൊലപ്പെടുത്തിയ കൂടപ്പിറപ്പുകള്‍ എന്നായിരുന്നു കൃപേഷിനും ശരത് ലാലിനും ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റില്‍ ആദ്യം കുറിച്ചിരുന്നത്. സി പി എം അക്രമ രാഷ്ട്രീയത്തെ വിമര്‍ശിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ നരഭോജി പ്രയോഗം പിന്‍വലിച്ച ശശി തരൂര്‍ എം പിയുടെ നടപടി കോണ്‍ഗ്രസ് കേന്ദ്രങ്ങളെ അമ്പരപ്പിച്ചു.
ഇടതു സര്‍ക്കാറിനെ പിന്തുണച്ച ലേഖനം വിവാദമായ സാഹചര്യത്തില്‍ ശരി തരൂരിന്റെ നരഭോജി പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. ജനാധിപത്യ രാഷ്ട്രീയത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അക്രമം പരിഹാരമല്ലെന്ന വാചകത്തോടെയാണ് തരൂര്‍ മാറ്റം വരുത്തിയത്.