Connect with us

Kozhikode

ഫയര്‍മാന്‍ സേഫ്റ്റി ശൈഖ് സായിദ് അവാര്‍ഡ് ഷൗക്കത്ത് ബുഖാരിക്ക്

വിദ്യാഭ്യാസ-സാംസ്‌കാരിക രംഗത്ത് പിന്നാക്കാവസ്ഥയിലുള്ള പ്രദേശങ്ങളില്‍ സുസ്ഥിര വികസന പദ്ധതികള്‍ നടപ്പിലാക്കിയതിനാണ് പുരസ്‌കാരം.

Published

|

Last Updated

അബൂദബി | 2024 വര്‍ഷത്തെ ഫയര്‍മാന്‍ സേഫ്റ്റി സര്‍വീസസ് ശൈഖ് സായിദ് അവാര്‍ഡിന് പ്രമുഖ പണ്ഡിതനും സാമൂഹിക പ്രവര്‍ത്തകനും യെസ് ഇന്ത്യാ ഫൗണ്ടേഷന്‍ സ്ഥാപകനുമായ ഷൗക്കത്ത് നഈമി അല്‍ ബുഖാരി തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ-സാംസ്‌കാരിക രംഗത്ത് പിന്നാക്കാവസ്ഥയിലുള്ള പ്രദേശങ്ങളില്‍ സുസ്ഥിര വികസന പദ്ധതികള്‍ നടപ്പിലാക്കിയതിനാണ് പുരസ്‌കാരം. പ്രശസ്തി പത്രവും ഫലകവും ക്യാഷും അടങ്ങിയതാണ് അവാര്‍ഡ്.

ഫൗണ്ടേഷന്‍ രക്ഷാധികാരിയും അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനുമായ സലീം അബ്ദുല്‍ ജബ്ബാര്‍ ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. അവാര്‍ഡ് കമ്മിറ്റി അംഗങ്ങളായ സിറാജ് കുവ്വക്കാട്ടയില്‍ ഷാജഹാന്‍ തയ്യില്‍, മുഹമ്മദ് തന്‍സീര്‍, നൗഷാദ് കൂര്‍ക്കഞ്ചേരി, പി സി മുഹമ്മദ് ജാഫര്‍ സന്നിഹിതരായിരുന്നു.

അബൂദബി ആസ്ഥാനമായി ഗള്‍ഫ് രാജ്യങ്ങളില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി രംഗത്തെ സേവനദാതാക്കളായ, ഫയര്‍മാന്‍ സേഫ്റ്റി സര്‍വീസസ് 2021 മുതല്‍ ഏര്‍പ്പെടുത്തിയതാണ് ശൈഖ് സായിദ് അവാര്‍ഡ്. മതപണ്ഡിതരുടെ സാമൂഹിക സേവന രംഗത്തെ സമര്‍പ്പിത ജീവിത ദര്‍ശനങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്.

കശ്മീരിലടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും, മറ്റു പിന്നാക്ക പ്രദേശങ്ങളിലും യെസ് ഇന്ത്യാ ഫൗണ്ടേഷന്‍ നടപ്പിലാക്കിയ പദ്ധതികള്‍ പതിനായിരങ്ങള്‍ക്കാണ് ആശ്രയമായിരിക്കുന്നത്. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യെസ് ഇന്ത്യാ വളണ്ടിയര്‍മാര്‍ ദേശീയോദ്ഗ്രഥനത്തിനും വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സൗഹൃദം നിലനിര്‍ത്തുന്നതിനുമുള്ള പരിശീലനം ലഭിച്ചവരാണ്. സര്‍ക്കാരുകളുടെയും, മറ്റു സാമൂഹിക സംഘടനകളുടെയും ശ്രദ്ധ വേണ്ടത്ര ലഭിക്കാത്ത സ്ഥലങ്ങളിലാണ്, വിവിധ പദ്ധതികള്‍ ബുഖാരി വിജയകരമായി നടപ്പിലാക്കിയത്. ഇത്തരം വേറിട്ട സംരംഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തതിനാണ് അവാര്‍ഡ് നല്‍കുന്നതെന്ന് അവാര്‍ഡ് കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ സിറാജ് കുവ്വക്കാട്ടയില്‍, പുത്തന്‍ പള്ളി അറിയിച്ചു.

ആത്മവിശ്വാസം കൊണ്ട് അതിജീവനം സാധ്യമാണെന്ന് തെളിയിച്ച യെസ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കുക എന്നതും ഈ അവാര്‍ഡ് ലക്ഷ്യമിടുന്നതായി ഫയര്‍ മേന്‍ സേഫ്റ്റി സര്‍വീസസ് അവാര്‍ഡ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

---- facebook comment plugin here -----

Latest