Connect with us

Ongoing News

സഊദി അറേബ്യയില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി; ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ ഈദുല്‍ ഫിത്ര്‍ ഞായറാഴ്ച

ഉമ്മുല്‍ ഖുറാ കലണ്ടര്‍ പ്രകാരം റമദാന്‍ 29 ന് ശനിയാഴ്ച വൈകീട്ട് ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ നേരത്തെ സഊദി സുപ്രീം കോടതി വിശ്വാസികളോട്ആഹ്വാനം ചെയ്തിരുന്നു

Published

|

Last Updated

ദമാം | ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ ഈദുല്‍ ഫിത്ര്‍ ഞായറാഴ്ച. ശനിയാഴ്ച വൈകീട്ട് സഊദി മധ്യപ്രവിശ്യയിലെ തുമൈറില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് സഊദിയിലാണ് ഈദുല്‍ ഫിത്ര്‍ ആദ്യം പ്രഖ്യാപിച്ചത്. തുടര്‍ന്ന് യു എ ഇ, ഖത്വര്‍, കുവൈത്ത്, ബഹ്‌റൈന്‍ രാജ്യങ്ങളിലും മാസപ്പിറവി സ്ഥിരീകരിച്ചു.

ശനിയാഴ്ച്ച വൈകീട്ട് ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ സഊദി അറേബ്യയില്‍ ഞായറാഴ്ച്ച (മാര്‍ച്ച് 30) ശവ്വാല്‍ ഒന്ന് ഈദുല്‍ ഫിത്ര്‍ ദിനമായിരിക്കുമെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു. ഒരു മാസത്തോളം നീണ്ട റമദാനിലെ വ്രതാനുഷ്ടാനം പൂര്‍ത്തിയാക്കി വിശ്വാസികള്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്

ഉമ്മുല്‍ ഖുറാ കലണ്ടര്‍ പ്രകാരം റമദാന്‍ 29 ന് ശനിയാഴ്ച വൈകീട്ട് ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ നേരത്തെ സഊദി സുപ്രീം കോടതി വിശ്വാസികളോട്ആഹ്വാനം ചെയ്തിരുന്നു

നഗ്‌ന നേത്രങ്ങളിലൂടെയോ, ടെലിസ്‌കോപ്പിലൂടെയോ മാസപ്പിറവി കാണുന്നവര്‍ ഏറ്റവും അടുത്തുള്ള കോടതിയില്‍ ഹാജറായി സാക്ഷ്യപ്പെടുത്തണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു .ഈ വര്‍ഷം ശവ്വാല്‍ മാസപ്പിറവി ദര്‍ശിക്കുന്നതിനായി ഹോത്ത സുദൈര്‍, തുമൈര്‍, ശഖ്‌റാ, മക്ക, മദീന, റിയാദ്, ദഹ്‌റാന്‍, അല്‍ഖസീം, ഹായില്‍, തബൂക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്

അറബ് രാജ്യങ്ങളില്‍ മാസപ്പിറവി ദര്‍ശനത്തെ ആശ്രയിക്കുന്ന പ്രധാന കേന്ദ്രം : ഹോത്ത സുദൈര്‍

അറബ് രാജ്യങ്ങളില്‍ മാസപ്പിറവി നിരീക്ഷണത്തിനായി ആശ്രയിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് സഊദി തലസ്ഥാനമായ റിയാദ് പ്രവിശ്യയിലെ ഹോത്ത സുദൈര്‍.റിയാദിന്റെ വടക്ക് ഭാഗത്തുള്ള ഈ പ്രദേശത്തുകാര്‍ക്ക് മാസപ്പിറവി നിരീക്ഷണത്തില്‍ വര്‍ഷങ്ങളുടെ പരിചയ സമ്പത്താണുള്ളത്. ഈ അനുഭവ സമ്പത്ത് കണക്കിലെടുത്താണ് മജ്മ യൂണിവേഴ്സിറ്റിയാണ് സുദൈറില്‍ ഗോള ശാസ്ത്ര നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്.

 

സമുദ്ര നിരപ്പില്‍ നിന്ന് 780 മുതല്‍ 930 വരെ മീറ്റര്‍ ഉയരത്തില്‍ കാറ്റ് കുറഞ്ഞ പ്രകൃതി മലിനീകരണമില്ലാത്ത മലമ്പ്രദേശത്ത് 2014 ഡിസംബര്‍ 17-നാണ് ജ്യോതിശാസ്ത്ര നിരീക്ഷണാലയം സ്ഥാപിച്ചത്. നിരീക്ഷണാലയം ഹിജ്‌റ മാസങ്ങളിലെ മാസപ്പിറവി നിരീക്ഷിക്കുന്നതിനായുള്ള സഊദി അറേബ്യയിലെ സഞ്ചരിക്കുന്ന നിരീക്ഷണാലയം കൂടിയാണിത്.

ഗ്രഹണങ്ങള്‍, ധൂമകേതുക്കള്‍, ഉല്‍ക്കകള്‍, ഉല്‍ക്കാശിലകള്‍ എന്നിവയുള്‍പ്പെടെ വിവിധ ജ്യോതിശാസ്ത്ര പ്രതിഭാസങ്ങള്‍ നിരീക്ഷിക്കുന്നതിനൊപ്പം, പ്രാദേശിക, അന്തര്‍ദേശീയ, പ്രാദേശിക സ്ഥാപനങ്ങളുമായി സംയുക്ത ശാസ്ത്ര ഗവേഷത്തോടപ്പം ,ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട മതപരമായ കാര്യങ്ങളും ചന്ദ്രമാസ നിരീക്ഷണത്തിനും സേവനം നല്‍കുന്നതിലൂടെ, ജ്യോതിശാസ്ത്രത്തിന്റെ പ്രധാന മേഖലകളിലെ ശാസ്ത്രീയ ഗവേഷണത്തെ പിന്തുണയ്ക്കുകയാണ് സര്‍വകലാശാലയുടെ ലക്ഷ്യം

സിറാജ് പ്രതിനിധി, ദമാം

Latest