Kerala
തിരുപ്പിറവി ദിനത്തില്‍ അമ്മത്തൊട്ടിലില്‍ അവള്‍ എത്തി
ശിശുക്ഷേമ സമിതി ആസ്ഥാനത്തെ അമ്മത്തൊട്ടിലില്‍ അലാം മുഴങ്ങിയത് പുലര്‍ച്ചെ 5.30 ന്
തിരുവനന്തപുരം | തിരുപ്പിറവിയുടെ പുണ്യ ദിനത്തില്‍ തലസ്ഥാനത്തെ അമ്മത്തൊട്ടിലില്‍ ഒരു ചോരക്കുഞ്ഞ്. പുലര്‍ച്ചെ 5.50നാണ് തിരുവനന്തപുരത്തെ സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്തെ അമ്മത്തൊട്ടിലില്‍ അലാം മുഴങ്ങിയത്. ജീവനക്കാര്‍ എത്തി പരിശോധിച്ചപ്പോള്‍ മൂന്ന് ദിവസം മാത്രം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെയാണ് ലഭിച്ചത്.
ജീവനക്കാര്‍ കുഞ്ഞിനെയെടുത്ത് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ ലഭിച്ചത്. ഈ സന്തോഷം ഫേസ്ബുക്കില്‍ പങ്കുവച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
ക്രിസ്മസ് പുലരിയില്‍ ലഭിച്ച കുഞ്ഞിന് എന്തുപേരിടുമെന്നു മന്ത്രി ചോദിച്ചു. നിരവധിപ്പേരാണ് ഇതിനോടകം കുഞ്ഞിന് പേരുകള്‍ നിര്‍ദേശിച്ച് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ചെയ്യുന്നത്.