Connect with us

Kerala

അവള്‍ ഇനി 'നിധി'; നാളെ ശിശുക്ഷേമ സമിതിക്ക് കൈമാറും

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് കുഞ്ഞിന് നിധി എന്ന് പേരിട്ടത്. അവള്‍ ഇനി കേരളത്തിന്റെ 'നിധി'യായിരിക്കുമെന്ന് മന്ത്രി പ്രഖ്യാപിക്കുകയായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | മാതാപിതാക്കള്‍ ഉപേക്ഷിച്ച ആ പെണ്‍കുഞ്ഞ് അറിയപ്പെടുക ഇനി ‘നിധി’ എന്ന പേരില്‍. ഝാര്‍ഖണ്ഡ് സ്വദേശികളായ രക്ഷിതാക്കള്‍ ആശുപത്രി ഐ സി യുവില്‍ ഉപേക്ഷിച്ച കുഞ്ഞിനെയാണ് കേരളം ഏറ്റെടുത്തത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് കുഞ്ഞിന് നിധി എന്ന് പേരിട്ടത്. അവള്‍ ഇനി കേരളത്തിന്റെ ‘നിധി’യായിരിക്കുമെന്ന് മന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. ഓരോ കുഞ്ഞും അമൂല്യ സമ്പത്താണ്, ഈ മകളും. അതുകൊണ്ടുതന്നെയാണ് ‘നിധി’ എന്ന പേരിട്ടതെന്ന് മന്ത്രി പറഞ്ഞു.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന, മൂന്നാഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് ഇപ്പോള്‍ പൂര്‍ണ ആരോഗ്യവതിയാണ്. കുഞ്ഞിനെ നാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. ശിശുക്ഷേമ സമിതിയിലേക്കായിരിക്കും കുഞ്ഞിനെ കൈമാറുക.

കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ദമ്പതികളാണ് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച് മുങ്ങിയത്. ഒരു കിലോയില്‍ താഴെ മാത്രം ഭാരമുള്ളതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലെ എന്‍ ഐ സിയുവിലേയ്ക്ക് മാറ്റുകയായിരുന്നു. പിന്നീട് കുഞ്ഞിന്റെ മാതാപിതാക്കളെ കാണാതായി. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ കുഞ്ഞിന്റെ സംരക്ഷണവും ചികിത്സയും ഏറ്റെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ പരിചരണം ഉറപ്പാക്കി. കുഞ്ഞിന്റെ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ ചെലവായ തുക ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിശ്ചയിക്കുന്ന പ്രകാരം വനിതാ ശിശുവികസന വകുപ്പിന്റെ ബാലനിധിയിലൂടെ അനുവദിക്കാനും തീരുമാനിച്ചു.

സാധാരണ കുട്ടികളെ പോലെ പാല്‍ കുടിക്കാന്‍ കഴിയുന്ന അവസ്ഥയിലാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറുന്നത്. ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിര്‍ഷായുടെ ഏകോപനത്തില്‍ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. വിനീത, സ്പെഷ്യല്‍ ഓഫീസര്‍ ഡോ. വിജി എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ സംഘമാണ് കുഞ്ഞിനെ ചികിത്സിച്ചത്. ന്യൂബോണ്‍ കെയറിലെ നഴ്സുമാരാണ് പ്രത്യേക പരിചരണം നല്‍കിയത്. വനിതാ ശിശു വികസന വകുപ്പ് ജീവനക്കാരുടെ പിന്തുണയുമുണ്ടായിരുന്നു. കുഞ്ഞിന് മികച്ച പരിചരണവും ചികിത്സയും ഉറപ്പാക്കിയ എറണാകുളം ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ ടീം അംഗങ്ങളേയും മന്ത്രി അഭിനന്ദിച്ചു.