Kerala
പത്താം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥം; അഭിമാനമായി കാന്തപുരത്തിൻെറ പൗത്രി പുത്രി ആഇഷ ഇസ്സ
പിതാമഹന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ സാന്നിധ്യത്തില്‍ വിശുദ്ധ റമസാനിലാണ് ഇസ്സ ഹിഫ്ളുല്‍ ഖുര്‍ആന്‍ ചടങ്ങ് പൂര്‍ത്തിയാക്കിയത്
കോഴിക്കോട് | പത്താം വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കി വിദ്യാര്‍ഥിനി അഭിമാനമാകുന്നു. പൂനൂര്‍ മങ്ങാട്ടെ നാലാം ക്ളാസ് വിദ്യാര്‍ഥിനി ആഇഷ ഇസ്സ ആണ് വളരെ ചെറുപ്രായത്തില്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കിയത്. പിതാമഹന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ സാന്നിധ്യത്തില്‍ വിശുദ്ധ റമസാനിലാണ് ഇസ്സ ഹിഫ്ളുല്‍ ഖുര്‍ആന്‍ ചടങ്ങ് പൂര്‍ത്തിയാക്കിയത്. ഒരു പക്ഷേ, ഇത്രയും ചെറു പ്രായത്തില്‍ തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കുന്ന കേരളത്തിലെ തന്നെ ആദ്യ വിദ്യാര്‍ഥിനിയായിരിക്കും ആഇഷ ഇസ്സ.
മര്‍കസ് സഹ്റത്തുല്‍ ഖുര്‍ആന്‍ പൂര്‍വ്വ വിദ്യാര്‍ഥിനിയായ ആഇഷ ഇസ്സ ഇപ്പോള്‍ പൂനൂര്‍ ഇശാഅത്ത് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. മര്‍കസ് അസി.മാനേജര്‍ വിഎം റഷീദ് സഖാഫിയുടെയും ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയുടെ മകള്‍ അസ്മയുടെയും മകളാണ് ഈ മിടുക്കി.
മൂന്നാം വയസില്‍ മര്‍കസ് സഹ് റത്തുല്‍ ഖുര്‍ആന്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ആഇഷ ഇസ്സ ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ തുടങ്ങിയത്. ഒരു ജുസ്അ ആണ് അന്ന് മനഃപാഠമാക്കിയത്. പിന്നീട് ലോക്ക് ഡൗണ്‍ കാലത്തു കൂടുതല്‍ പഠിക്കാന്‍ തുടങ്ങി. മാതാപിതാക്കളില്‍ നിന്ന് ഇമാം ശാഫിഈ (റ) യുടെ ചരിത്രം കേട്ടപ്പോള്‍ കൂടുതല്‍ ആവേശമായി. അതോടെ ഖുർആൻ പൂർണമായും ഹൃദിസ്ഥമാക്കാൻ തുനിഞ്ഞിറങ്ങുകയായിരുന്നു ഇസ്സ.
പൂര്‍ണമായും ഗൃഹാന്തരീക്ഷത്തില്‍ ആണ് ഖുര്‍ആന്‍ മനഃപാഠമാക്കിയത്. ദിവസവും ആറും ഏഴും പേജ് മനഃപാഠമാക്കും. അത് അന്ന് തന്നെ ഉസ്താദിന് ഓതി കേള്‍പ്പിക്കും. അങ്ങിനെ ഒന്നര വര്‍ഷം കൊണ്ട് അവൾ ഖുർആൻ പൂർണമായും ഹൃദയത്തിൽ തങ്കലിപികളിൽ കുറിച്ചു. ചിട്ടയായ പഠനവും കൈവിടാത്ത ആത്മ വിശ്വാസവുമാണ് ഇത്രയും ചെറുപ്പത്തില്‍ തന്നെ ഖുര്‍ആനിലെ 114 അധ്യായങ്ങളും 6666 ആയത്തുകളും ഹൃദിസ്ഥമാക്കാൻ ഇസ്സയെ സഹായിച്ചത്.
ഇസ്ലാമിന്റെ അനുവദനീയമായ മാര്‍ഗങ്ങളിലൂടെ സ്ത്രീ വിദ്യാഭ്യാസത്തിന് മര്‍കസ് നല്‍കുന്ന പ്രാധാന്യമാണ് ഇതെല്ലാം കാണിക്കുന്നതെന്ന് പിതാവ് വിഎം അബ്ദുല്‍ റഷീദ് സഖാഫി പറഞ്ഞു. ഹനീഫ സഖാഫി ആനമങ്ങാട് , ഹാഫിള് സാബിത്ത് അബൂബക്കര്‍ കാമില്‍ സഖാഫി ഏളേറ്റില്‍ തുടങ്ങിയവരുടെ ശിഷ്യണത്തിലാണ് പഠനം നടത്തിയത്. സഹ്‌റത്തുല്‍ ഖുര്‍ആനിിലെ അധ്യാപികമാരും പ്രോത്സാഹനം നല്‍കി.